Deshabhimani

നറുംപാൽ ചുരത്തി 
അപ്പൂ‍സ്‌ ഫാം

തരുൺ ദിനേശ് തന്റെ പശുഫാമിൽ
വെബ് ഡെസ്ക്

Published on Oct 20, 2026, 03:00 AM | 1 min read

കണ്ണൂർ ​പുകതുപ്പുന്ന വാഹനങ്ങളും തിരക്കുപിടിച്ചോടുന്ന മനുഷ്യരും ആകാശം തൊടുന്ന കെട്ടിടങ്ങളും നിറഞ്ഞ കണ്ണൂർ നഗരമധ്യത്തിലാണ്‌ തരുൺ ദിനേശിന്റെ അപ്പൂ‍സ്‌ ഡയറി ഫാം. ഇവിടെ പുലർകാലം മുതൽ കാണുന്ന കാഴ്‌ചയുണ്ട്‌. തുള്ളി വെള്ളം തൊടാത്ത ശുദ്ധമായ പശുവിൻ പാൽ കറന്നെടുത്തയുടൻ കുപ്പിയിൽ നിറക്കുകയാണ്‌ തരുണും തൊഴിലാളികളും. കുപ്പികൾ നിറച്ചുതീരും മുന്പ്‌ ആളുകളെത്തി തുടങ്ങും. വീട്ടുവാതിൽക്കൽ പായ്‌ക്കറ്റ്‌ പാലുകിട്ടാനുള്ളപ്പോഴും പത്തും പതിനഞ്ചും കിലോമീറ്റർ സഞ്ചരിച്ച്‌ ഇവിടെയെത്തുന്നവരുണ്ട്‌. എസ്‌എം റോഡിൽ പ്രേമ കഫേയ്‌ക്ക്‌ എതിർവശത്തുള്ള ഫാമിൽ ഉച്ചതിരിഞ്ഞും പാൽ വാങ്ങാനെത്തുന്നവരെ കാണാം. തരുണെന്ന ചെറുപ്പക്കാരന്റെ ഫാമിൽ 15 പശുക്കളുണ്ട്‌. വയനാട്ടിൽനിന്ന്‌ എത്തിച്ച എച്ച്‌എഫ്‌ ജഴ്‌സി പശുക്കളെ കണ്ടാലറിയാം പരിചരണത്തിന്റെ മികവ്‌. ദിവസേന ഇരുന്നൂറോളം ലിറ്റർ പാൽ കറക്കുന്നുണ്ട്‌. വീട്ടിലെത്തുന്നവർക്ക്‌ വൃത്തിയുള്ള പെറ്റ്‌ ബോട്ടിലിൽ പാൽ വാങ്ങാം. ബാക്കിയുള്ളവ സമീപത്തെ ഹോട്ടലുകൾക്ക്‌ ക്ഷീരസംഘത്തിനും നൽകും. തരുണിന്റെ അച്‌ഛൻ പയ്യാന്പലം പാർവതിയിൽ ദിനേശനും പശുഫാമുണ്ട്‌. പയ്യാന്പലത്തെ വീട്ടിനോട്‌ ചേർന്നുള്ള ഫാമിലുമുണ്ട്‌ 15 പശുക്കൾ. മൂന്നുതലമുറയായി തുടരുന്ന ഉപജീവനവും അഭിനിവേശവുമാണ്‌ തരുണിന്‌ പശുവളർത്തൽ. പഠനം പൂർത്തിയാകും മുന്പേ പശുവളർത്തലിനൊപ്പമുണ്ട്‌. വയനാട്ടിൽനിന്നാണ്‌ പശുക്കളെ എത്തിക്കുക. പശുക്കച്ചവടത്തിലും തരുൺ സജീവമാണ്‌. ചോളം സൈലേജും പെല്ലറ്റ്‌ കാലിത്തീറ്റയും കടലപ്പിണ്ണാക്കും ഗോതന്പ്‌ തവിടുമാണ്‌ തീറ്റ. ദിവസേന നാലുനേരം കുളിപ്പിക്കും. അത്രയും തവണ തൊഴുത്തും വൃത്തിയാക്കും. സങ്കരയിനങ്ങൾക്ക്‌ പ്രതിരോധ ശേഷി കുറവായതിനാൽ ശുചിത്വം പ്രധാനമാണെന്ന്‌ തരുൺ പറയുന്നു. ‘‘വീട്ടിലെത്തുന്നവർക്ക്‌ പാൽ നൽകുന്ന പരന്പരാഗത രീതിയിൽ പാൽ നൽകുന്നതാണ്‌ എനിക്കിഷ്ടം. കുഞ്ഞുങ്ങൾക്ക്‌ നൽകാനായി എത്രയോ കിലോമീറ്ററുകൾ താണ്ടി ഇവിടെ എത്തുന്നവരുണ്ട്‌. അതിനാൽ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കണം’’– തരുൺ പറയുന്നു. പശുക്കളുടെ പ്രകൃതത്തിൽ നേരിയ വ്യത്യാസം ഉണ്ടായാൽ പോലും തരുണിന്‌ അറിയാനാവും. ബിഹാർ സ്വദേശികളായ ജിത്തുവും ദീപ്‌ലാലുമാണ്‌ പരിചരണത്തിൽ തരുണിന്‌ കൂട്ട്‌. ചാണകവും നെയ്യും ഉൾപ്പെടെ ഫാമിൽ കിട്ടും. അമ്മ സജിനയും ഭാര്യ നിതാഷയും മകൾ വാമികയും എല്ലാത്തിനും പിന്തുണയുമായി ഒപ്പമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home