നെറ്റ് സീറോ, മുന്നേറാൻ കേരളവും

തിരുവനന്തപുരം > ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ സാധ്യമാകുന്നത്ര കുറച്ച് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ബൃഹദ്പദ്ധതി "നെറ്റ് സീറോ' യ്‌ക്ക് തനതുമാതൃക നിർമ്മിക്കാനൊരുങ്ങി കേരളം. രാജ്യത്തെ, ഒരുപക്ഷെ ലോകത്തെ തന്നെ ആദ്യ കാർബൺ ന്യൂട്രൽ ഗ്രാമമായി മാറിയ മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് സൃഷ്‌ടിച്ച മാതൃകയെ കൂടുതൽ ശാസ്‌ത്രീയമായും വ്യത്യസ്‌ത തലങ്ങളിലേക്കു വ്യാപിപ്പിച്ചും സമഗ്രമായ ഒരു പദ്ധതി രൂപപ്പെടുത്തുകയാണ് ഉദ്ദേശം.
അതിനുള്ള പ്രാഥമിക ആലോചനകളുമായി നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ശിൽപശാല സംഘടിപ്പിച്ചു. മന്ത്രി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു. ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. കോവളം വെള്ളാർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന ശിൽപശാലയിൽ രംഗത്തെ ഗവേഷകരും ശാസ്‌ത്രജ്ഞരും സാങ്കേതികവിദഗ്ദ്ധരുമടക്കമുള്ളവർ പങ്കെടുത്തു.
ഹരിതഗൃഹ വാതകങ്ങളുടെ നിർഗമനം പൂജ്യത്തോട് സാധ്യമാകുന്നത്ര അടുപ്പിക്കുകയും എന്നിട്ടും ഒഴിവാക്കാനാവാത്ത പുറന്തള്ളലിനെ ആഗിരണം ചെയ്‌ത് മാറ്റാൻ കഴിയുന്ന വിധത്തിൽ സമുദ്രവും വനവും ഉൾപ്പെടുന്ന പ്രകൃതിയെ സമ്പുഷ്‌ടമാക്കി പരിപാലിക്കുകയും ചെയ്യുക, ഇതാണ് നെറ്റ് സീറോ. 2050 - നുള്ളിൽ നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കാനാകണം എന്നാണ് ഐക്യരാഷ്‌ട്രസഭയുടെ ആഗ്രഹം. ഓരോ രാജ്യവും അവരുടെ വികസനനില, വികസനലക്ഷ്യങ്ങൾ, നിർഗമന നിയന്ത്രണ സാധ്യത തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച് ലക്ഷ്യപൂർത്തീകരണത്തിനെടുക്കുന്ന കാലദൈർഘ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത് 2070 ആണ്.
ഹരിതഗൃഹവാതക നിർഗമനം ഏറ്റവും ഏറ്റവും കുറഞ്ഞ 100 രാജ്യങ്ങൾ നടത്തുന്നത് ആകെ നിർഗമനത്തിന്റെ മൂന്നു ശതമാനം മാത്രമാണ്. ഏറ്റവുമധികം നിർഗ്ഗമനം നടത്തുന്ന 10 രാജ്യങ്ങൾ മാത്രമായി പുറന്തള്ളുന്നതാകട്ടെ 68 ശതമാനവും! ഇതിൽ തന്നെ മൂന്നു രാജ്യങ്ങൾ മാത്രമായാണ് 48 ശതമാനവും പുറന്തള്ളുന്നത്.
പൂർണമായും ലാഭ കേന്ദ്രീകൃതമായ സംസ്‌ക്കാരത്തിന്റെ സൃഷ്‌ടിയാണിതെല്ലാം. ഒപ്പം കൃഷി, ചതുപ്പ് ഉൾപ്പെടെയുള്ള ഭൂപ്രകൃതി തുടങ്ങിയ മറ്റ് ഘടകങ്ങളും ഗണ്യമായ നിർഗമത്തിനു കാരണമാകുന്നുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ചാലേ ജീവൻ നിലനിൽക്കൂവെന്ന് പ്രകൃതി വലിയ മുന്നറിയിപ്പു നൽകുമ്പോഴും ലാഭ ചിന്തയാൽ വിമുഖത കാട്ടുകയാണ് വികസിത മുതലാളിത്ത ലോകം. വികസനത്തിൽ ഈ മുതലാളിത്ത രാജ്യങ്ങളെ അതുപോലെ മാതൃകയാക്കി അവർക്കൊപ്പം വിഷം വമിപ്പിക്കാനുള്ള അവകാശ ബോധ്യമാണ് മറ്റ് പലരാഷ്‌ട്രങ്ങളും പങ്കുവയ്‌ക്കുന്നത്.
ഇതുപോലുള്ള ചിന്താധാരകളെ എതിർത്ത് ആഗോളപ്രതിഷേധം ഉയർത്തുന്നതോടൊപ്പം ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ പരമാവധി കുറയ്‌ക്കാനുള്ള ബദൽ മാനവവികസനമാതൃകകൾ സൃഷ്‌ടിക്കുക എന്നതും അനിവാര്യതയാണ്. ശിൽപശാല പങ്കുവച്ച അവതരണങ്ങളും ചർച്ചകളും ഇതിനായി ഒരു ഒരു പ്രാഥമികരേഖ തയ്യാറാക്കുന്നതിനുള്ള വാതിൽ തുറന്നു കഴിഞ്ഞു.
സാങ്കേതിക പദങ്ങളെ പരിചയപ്പെടുത്തൽ, പ്രായോഗിക ഫോർമുല തയ്യാറാക്കുന്നതിനുള്ള രീതിശാസ്‌ത്രവും സാംപ്ലിങ്ങും വികസിപ്പിക്കൽ, കാർബൺ നിർഗമനം തിരിച്ചറിഞ്ഞ് ജില്ലാതലത്തിൽ രേഖപ്പെടുത്തുക, ഗുണപരമായ ഇടപെടലുകൾ, പദ്ധതിയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ, കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് സർട്ടിഫിക്കേഷൻ ഏർപ്പെടുത്തൽ തുടങ്ങിയ സാങ്കേതിക വിഷയങ്ങൾ ശിൽപശാല ചർച്ച ചെയ്‌തു.
ശിൽപശാലയ്‌ക്കു നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ടി എൻ സീമ നേതൃത്വം നല്‌കി. മീനങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റും ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റും കാട്ടാക്കട നിയോജകമണ്ഡലം പ്രതിനിധി ഐ ബി സതീഷും കാർബൺ ന്യൂട്രൽ പ്രവർത്തനാനുഭവം അവതരിപ്പിച്ചു. അതിവിപുലമായ ഒരു ക്യാമ്പയ്‌നായി നെറ്റ് സീറോ കേരളം പദ്ധതി മാറും എന്ന പ്രതീക്ഷയും ശില്‌പശാല പങ്കുവച്ചു.
Related News

0 comments