റഷ്യയിൽ പ്രതിരോധ ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു, 5 മരണം

മോസ്കോ: റഷ്യയിൽ പ്രതിരോധ വകുപ്പിന് കീഴിലുള്ള ഏവിയേഷൻ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു. കെഎ-226 ഹെലികോപ്റ്ററാണ് തകർന്നത്. കിസ്‌ലിയാറിൽ നിന്ന് ഇസ്ബെർബാഷിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കുന്നതിനിടയിലാണ് അപകടം.
കാസ്പിയൻ കടൽത്തീരത്ത് ഹെലികോപ്റ്റർ ഇറക്കാൻ പൈലറ്റ് ശ്രമിക്കുന്നത് ദൃശ്യമാണ്. പക്ഷെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വീട്ടുമുറ്റത്ത് തകർന്നു വീണു. അപകടത്തെ തുടർന്നുണ്ടായ തീപിടിത്തം ഏകദേശം 80 ചതുരശ്ര മീറ്റർ സ്ഥലത്തേക്ക് വ്യാപിച്ചു.
കെഇഎംഇസഡ് (KEMZ) കമ്പനിയിലെ ഡെപ്യൂട്ടി ജനറൽ ഡയറക്ടർ, ചീഫ് എൻജിനീയർ, ചീഫ് ഡിസൈനർ, ഹെലികോപ്റ്റർ ഫ്ലൈറ്റ് മെക്കാനിക്ക് എന്നിവരാണ് മരിച്ചത്.
അപകടത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിന്റെ വാൽഭാഗം അടർന്നുപോയി. വെള്ളത്തിന് മുകളിലൂടെ ചെറുതായി ഉയർത്താൻ പൈലറ്റിന് കഴിഞ്ഞെങ്കിലും നിയന്ത്രണം നഷ്ടപ്പെടുകയും വിമാനം താഴേക്ക് പതിക്കുകയും ചെയ്തു.










0 comments