വയോധികയെ മർദിച്ച സംഭവം; കൂട്ടുകാരിയെ സന്ദർശിച്ച് നിലമ്പൂര്‍ ആയിഷ
നിലമ്പൂർ: അയല്‍വാസിയുടെ മര്‍ദനത്തിനിരയായി നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി വിശ്വനാഥി (80)നെ സുഹൃത്തും സിനിമാ–നാടക നടിയുമായ നിലമ്പൂര്‍ ആയിഷ സന്ദര്‍ശിച്ചു. പ്രായത്തിന്റെ അവശതകൾ മറന്നും സങ്കടങ്ങൾ പങ്കുവെച്ചും ഇരുവരും ഏറെ നേരം ചിലവഴിച്ചു. നാടക കാലത്തെ പഴയ ഓർമ്മകൾ ഇരുവരും പങ്കുവെച്ചു.
ചങ്ങാതിക്ക് വേണ്ടി സ്വന്തം നിസഹായതയെയും അവസ്ഥയെയും സൂചിപ്പിക്കുന്ന പാട്ട് പാടിയാണ് ഇന്ദ്രാണി യാത്രയാക്കിയത്. ആദ്യം വിതുമ്പിപ്പോയ നിലമ്പൂർ ആയിഷ പിന്നീട് കൂട്ടുകാരിയുടെ കൂടെ ചേർന്ന് പാടി. ഇത് കണ്ടു നിന്നവരുടെയും കണ്ണുനനയിച്ചു.
ചൊവ്വ വൈകി വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇന്ദ്രാണിയെ അയല്‍വാസിയായ ഷാജി അകാരണമായി ആക്രമിച്ചതായാണ് പരാതി. മുഖത്തും ശരീരത്തിലും പരിക്കേറ്റതായും പരാതിപ്പെട്ടു. തുടർന്ന് ഇവരെ നിലമ്പൂർ നഗരസഭാ വൈസ് ചെയർപേഴ്സണും വാർഡ് കൗൺസിലറും എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
നിലമ്പൂർ ആയിഷയോടെപ്പം കലാരംഗത്ത് മലബാറിൽ തിളങ്ങി നിന്നിരുന്ന പ്രതിഭയാണ് ഇന്ദ്രാണി. ഇരുവരും സുഹൃത്തുകളായിരുന്നു. നിലമ്പൂർ ആയിഷ നാടകരംഗത്തും ഇന്ദ്രാണി വിശ്വനാഥ് മോഹിനിയാട്ടം, ഭരതനാട്യം എന്നീ നൃത്തയിനങ്ങളിലും കലാരംഗത്ത് തിളങ്ങി. കെ ടി മുഹമ്മദിനൊപ്പം പ്രാദേശിക നാടകവേദികളിൽ നിലമ്പൂർ ആയിഷയോടെപ്പം സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
ഇന്ദ്രാണിയുടെ വിവരമറിഞ്ഞ നിലമ്പൂര്‍ ആയിഷ കുടുംബത്തോടൊപ്പം നോമ്പുതുറ വിഭവങ്ങളുമായാണ് ആശുപത്രിയിലെത്തിയത്. അവർ കഴിക്കുന്നത് വരെ കൂടെ ഇരിക്കയും ചെയ്തു. പിരിയുമ്പോൾ പ്രിയ സുഹൃത്തിനുവേണ്ടി ഇന്ദ്രാണി അവരുടെ ഓർമ്മകളിലെ പാട്ട് പാടി.
'പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട് മനുഷ്യപുത്രനു തലചായ്‌ക്കാൻ മണ്ണിലിടമില്ല......' എന്ന പാട്ടാണ് ആയിഷയ്ക്ക് പാടിക്കൊടുക്കുന്നത്. മറവിയില്ലാതെ താളപ്പിഴകൾ ഇല്ലാതെ അവർ പാടി. കൂട്ടുകാരിയുടെ പാട്ടിനുമുമ്പിൽ വിതുമ്പി കണ്ണു തുടച്ചാണ് ആയിഷ വിടവാങ്ങിയത്. അപ്പോഴും ഇന്ദ്രാണി പറയുന്നുണ്ട്. നാളെ ഞാൻ നിനക്ക് വേണ്ടി ഒന്നു രണ്ട് പാട്ടുകൾ കൂടി പാടിത്തരുന്നുണ്ട് എന്ന്.
വിടവാങ്ങാൻ തുടങ്ങുമ്പോൾ, ഓർമ്മകൾ നഷ്ടമായി തുടങ്ങിയ അവർ " ഞാൻ നിന്റെ സുപ്രസിദ്ധ അമ്മ എന്ന് നിലമ്പൂർ ആയിഷയെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്.
വീഡിയോ കാണാം.









0 comments