കപ്പലിലെ തീയണയ്ക്കാൻ ആകാശത്തു നിന്നും രാസ പദാർഥങ്ങൾ വിതറി വ്യോമസേന
കെ ശ്രീജിത്ത്
Published on Jun 12, 2025, 09:55 AM | 1 min read| Watch Time : 12s
കോഴിക്കോട് : കേരള തീരത്തിനടുത്ത് തീപിടിച്ച് കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പൽ വാൻഹായ് 503ലെ തീയണയ്ക്കാൻ ശ്രമം തുടരുന്നു. ദൗത്യത്തിനായി വ്യോമസേനയും രംഗത്തെത്തി. പൊടി രൂപത്തിലുള്ള രാസപദാർഥങ്ങൾ കത്തിക്കൊണ്ടിരിക്കുന്ന കണ്ടെയ്നറുകൾക്ക് മുകളിൽ വിതറി. കണ്ടെയ്നറുകളിൽ നിന്ന് വലിയ തോതിൽ ഇപ്പോഴും പുക ഉയരുന്നുണ്ട്. വൈകിട്ടോടെ തീയണയ്ക്കാനാണ് ശ്രമിക്കുന്നത്.
ചരക്കുകപ്പലിനെ ഉൾക്കടലിലേക്ക് മാറ്റും. പോർബന്തറിൽനിന്നുള്ള മറൈൻ എമർജൻസി റെസ്‌പോൺസ് സെന്റർ (എംഇആർസി) സംഘമാണ് കത്തുന്ന കപ്പലിനെ വടംകെട്ടി തീരത്തുനിന്ന് കൂടുതൽ അകലേയ്ക്ക് മാറ്റുന്നത്. തീപിടിച്ച കപ്പൽ നിയന്ത്രണം വിട്ട് 44 നോട്ടിക്കൽ മൈലോളം സഞ്ചരിച്ചിട്ടുണ്ട്.
നിലവിൽ കപ്പലിനെ വടത്തിൽ ബന്ധിച്ച് നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. മുൻഭാഗത്തെ തീ നിയന്ത്രണ വിധേയമായതോടെയാണ് സംഘത്തിന് കപ്പലിനടുത്ത് എത്താനായത്. തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്ററിൽ കപ്പലിലേക്ക് ഇറങ്ങിയ സംഘം വടംകെട്ടി മറുഭാഗം വാട്ടർ ലില്ലിയെന്ന ടഗ്ഗിൽ ഉറപ്പിച്ചു. കപ്പൽ തീരത്തേക്ക് നീങ്ങില്ല എന്നുറപ്പാക്കിയിട്ടുണ്ട്.
തീരസംരക്ഷണ സേനയുടെയും കപ്പൽ കമ്പനിയുടെ സാൽവേജ് ടീമുകൾ വെള്ളം ഉപയോഗിച്ച് തീയണയ്ക്കാനുള്ള ദൗത്യം തുടരുന്നുണ്ട്. ഇതിനിടെയാണ് രക്ഷാദൗത്യത്തിനായി വ്യോമസേനയും എത്തിയത്. രാസപദാർഥങ്ങൾ വിതറിയതോടെ വൈകിട്ടോടെ തീ അണയ്ക്കാമെന്നാണ് പ്രതീക്ഷ. തീപിടിത്തത്തിന്റെയും പൊട്ടിത്തെറിയുടെയും ഫലമായി കപ്പൽ 10 മുതൽ 15 ഡിഗ്രി വരെ ചെരിഞ്ഞിരുന്നു.
തിങ്കളാഴ്ചയാണ് കൊളംബോയിൽനിന്ന് മുംബൈ തീരത്തേക്ക് ചരക്കുമായി വന്ന ‘വാൻഹായ് 503’ കപ്പൽ കേരള തീരത്തിനടുത്ത് വച്ച് അഗ്നിക്കിരയായത്. കപ്പലിലുണ്ടായിരുന്ന നാലു ജീവനക്കാർക്ക് ഗുരുതര പൊള്ളലേറ്റു. നാലുപേരെ കാണാതായി. കടലിൽ ചാടിയ 18 പേരെ ഇന്ത്യൻ നാവികസേന രക്ഷിച്ച് മംഗളൂരുവിലെത്തിച്ചു. സിംഗപ്പുരിൽ രജിസ്റ്റർചെയ്‌ത കപ്പലാണ് തിങ്കൾ രാവിലെ ഒമ്പതരയോടെ ബേപ്പൂർ തുറമുഖത്തുനിന്ന് 78 നോട്ടിക്കൽ മൈൽ (129 കിലോമീറ്റർ) അകലെ തീപിടിച്ചത്. ഒരു കണ്ടെയ്നർ പൊട്ടിത്തെറിച്ചു. ഒന്നിലധികം സ്‌ഫോടനമുണ്ടായി. കണ്ടെയ്നറുകൾ പലതും കടലിലേക്ക് പതിച്ചതായാണ് വിവരം. സ്‌ഫോടകശേഷിയുള്ളതും തനിയെ കത്താൻ സാധ്യതയുള്ളതുമായ വസ്‌തുക്കളും ദ്രാവകങ്ങളും നിറച്ച കണ്ടെയ്നറുകളും വിഷാംശമടങ്ങിയ വസ്‌തുക്കൾ അടങ്ങിയ കണ്ടെയ്നറുകളും കപ്പലിലുണ്ട്. 270 മീറ്റർ നീളമുള്ള കപ്പൽ 650 കണ്ടെയ്നറുകളുമായി ശനിയാഴ്‌ചയാണ് കൊളംബോയിൽനിന്ന് പുറപ്പെട്ടത്.









0 comments