മിസോറാമിലേക്ക് റെയിൽ പാത റെഡി, മനം മയക്കുന്ന തീവണ്ടി യാത്ര 19 മുതൽ

ഐസ്വാൾ: വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിനെ റെയിൽ വഴി ബന്ധിപ്പിക്കുന്ന ബൈരബി-സൈരാങ് ബ്രോഡ് ഗേജ് റെയിൽവേ ലൈൻ പ്രവർത്തന സജ്ജമായി. പാതയിൽ തീവണ്ടി സർവ്വീസ് തുടങ്ങുന്നതോടെ ഐസ്വാളിനും അസമിലെ പ്രധാന നഗരമായ സിൽച്ചാറിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം ഏഴ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയും. സഞ്ചാരികൾക്ക് മുന്നിൽ മനോഹരമായ ഒരു വിനോദ സഞ്ചാര പാത കൂടി തുറക്കപ്പെടും. സെപ്തംബർ 19 നാണ് ഇത് വഴി ആദ്യത്തെ യാത്രാ വണ്ടി ഓടുക.
ഭൂപ്രകൃതി വെല്ലുവിളി തീർത്തതിനാൽ അനിശ്ചിതമായി നീണ്ടുപോയ പദ്ധതിയാണ്. 2008-ൽ ദേശീയ പദ്ധതിയായി പ്രഖ്യാപിച്ച് തുടക്കമിട്ടതാണ്.
51.38 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ പകുതിയിലധികവും തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഹിമാലയൻ മലനിരകളുടെ പാദ ഭാഗത്ത് കൂടെ സാഹസികമായ യാത്ര. 65 മീറ്റർ വരെ ആഴത്തിലുള്ള കിടങ്ങുകളിലൂടെയാണ് ചിലയിടത്ത് പാത പോകുന്നത്. 48 തുരങ്കങ്ങൾ, 55 പ്രധാന പാലങ്ങൾ, 87 ചെറിയ പാലങ്ങൾ എന്നിവ ഉൾപ്പെടുന്നു.
പദ്ധതിയിലെ തുരങ്കങ്ങളുടെ ആകെ നീളം 12. 8 കിലോ മീറ്ററാണ്. ഇതിൽ ഏറ്റവും നീളം കൂടിയത് ഏകദേശം 1.37 കിലോമീറ്ററുള്ള തുരങ്കമാണ്.
സൈരാങ്ങിനടുത്തുള്ള കുറുങ് നദിക്ക് കുറുകെയുള്ള 144-ാം നമ്പർ പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പിയർ പാലമാണ്. ഇത് ഭൂനിരപ്പിൽ നിന്ന് 114 മീറ്റർ ഉയരത്തിലാണ്. കുത്തബ് മിനാറിനേക്കാൾ 42 മീറ്റർ ഉയരമുണ്ട്.
ഏറ്റവും ഉയരം കൂടിയ പിയർ പാലവും ഇവിടെ തന്നെയാണ്. അത് പക്ഷെ നിർമ്മാണത്തിലിരിക്കുന്ന മണിപ്പൂരിലേക്കുള്ള പാതയിലെ 141 മീറ്റർ ഉയരമുള്ള നോണി(Noney) പാലമാണ്. ജിരിബാം-ഇംഫാൽ റെയിൽവേ ലൈനിന്റെ ഭാഗമായി നിർമിക്കുന്നതാണ്.
ആദ്യ യാത്രാ വണ്ടി 19 ന്
ഐസ്വാളിൽ നിന്ന്
ഡൽഹി ആനന്ദ് വിഹാർ രാജധാനി എക്സ്പ്രസ്:
ട്രെയിൻ നമ്പർ 20507/20508 സൈരംഗ്-ആനന്ദ് വിഹാർ ടെർമിനൽ-സൈരാങ് രാജധാനി എക്സ്പ്രസ് 42:20 മണിക്കൂറിനുള്ളിൽ 2512 കിലോമീറ്റർ ദൂരം സഞ്ചരിക്കും. റൂട്ടിലുള്ള ആരംഭിച്ചിട്ടുള്ള ഏക ട്രെയിൻ. ട്രെയിൻ ഗുവാഹത്തി വഴിയാണ് ഓടുക.
സൈരാങ് ആനന്ദ് വിഹാർ ടെർമിനലിനും ഇടയിലുള്ള യാത്രയിൽ, ട്രെയിൻ നമ്പർ 20507/20508 രാജധാനി എക്സ്പ്രസ് 18 സ്റ്റേഷനുകളിൽ നിർത്തും- ബൈരാബി, ഹൈലകണ്ടി, ബദർപൂർ ജംഗ്ഷൻ, ന്യൂ ഹഫ്‌ലോങ്, ഹോജായ്, ഗുവാഹത്തി, രംഗിയ ജംഗ്ഷൻ, ബാർപേട്ട റോഡ്, ന്യൂ ബോംഗൈഗാവ്, ന്യൂ കൂച്ച്ബെഹാർ, ന്യൂ ജൽപായ്ഗുരി, മാൾഡ ടൗൺ, സാഹിബ്ഗഞ്ച് ജംഗ്ഷൻ, ഭഗൽപൂർ, ജമാൽപൂർ, പട്ന, ഡിഡി ഉപാധ്യായ, കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനുകൾ.
ട്രെയിൻ നമ്പർ 20507 സൈരാങ്-ആനന്ദ് വിഹാർ ടെർമിനൽ രാജധാനി എക്സ്പ്രസ് വെള്ളിയാഴ്ച മാത്രമേ സർവീസ് നടത്തൂ. തിരിച്ചുള്ള ട്രെയിൻ നമ്പർ 20508 ആനന്ദ് വിഹാർ ടെർമിനൽ-സൈരാങ് രാജധാനി എക്സ്പ്രസ് ഞായറാഴ്ച മാത്രമേ സർവീസ് നടത്തൂ.
വൈബ്രേഷനും അറ്റകുറ്റപ്പണികളും കുറയ്ക്കുന്നതിന് തുരങ്കങ്ങൾക്കുള്ളിൽ ബാലസ്റ്റ്‌ലെസ് ട്രാക്കുകളാണ് നിർമിച്ചിരിക്കുന്നത്. അഞ്ച് റോഡ് ഓവർ ബ്രിഡ്ജസ്, ആറ് റോഡ് അണ്ടർ ബ്രിഡ്ജസ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ബൈറാബി - സൈരാങ് ലൈൻ റെയിൽവേ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ ഒരു എഞ്ചിനീയറിംഗ് അത്ഭുതമാണ്.
ഇവിടെ 2023 ഓഗസ്റ്റ് 23-ന് നിർമ്മാണത്തിലിരുന്ന ഒരു പാലം തകർന്നുവീണ് 18 തൊഴിലാളികൾ മരിച്ചു. അത്രയും ഉയരത്തിലായിരുന്നു അവർ സാഹസികമായി ജോലി ചെയ്തിരുന്നത്.
ചിക്കൻസ് നെക്ക് എന്നു വിളിക്കുന്ന സിലുഗിരി ഇടനാഴിയാണു വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ പശ്ചിമ ബംഗാൾ വഴി രാജ്യത്തെ ഇതര പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത്. അതും കടന്ന് അസമിലെ ഗുവാഹട്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും ഐസ്വാളിലേക്ക് വണ്ടി പിടിക്കാം.

2008-2009 ൽ അനുവദിച്ച പദ്ധതി 8,213.72 കോടി രൂപ ചെലവിൽ റെയിൽവേ നടപ്പിലാക്കി. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയ്ക്ക് കീഴിലുള്ള ഈ നിർമ്മാണത്തിനായി മാത്രം ഏകദേശം 220 കിലോമീറ്റർ അപ്രോച്ച് റോഡ് നിർമിക്കേണ്ടിവന്നു. റോഡ് എന്നത് സ്വപ്നം മാത്രമായിരുന്ന 14 ലക്ഷം മാത്രം ജനസംഖ്യയുള്ള സംസ്ഥാനത്തിന് അതും വരദാനമായി.
സിലിച്ചറിൽ നിന്നും 10 മണിക്കൂർ എടുത്ത് വേണം ഐസ്വളിൽ എത്താൻ. ഇതിന് തന്നെയും ട്രക്കുകളാണ് ആശ്രയം. അസമിലെ ഗുവാഹട്ടിയിൽ എത്താൻ ഒരു ദിവസം വേണം. ഈ ദൂരമാണ് കുറയുന്നത്.
സുരക്ഷാ പരിശോധനയിൽ വിജയിച്ചതിന് ശേഷം ജൂൺ ആദ്യം എൻഎഫ് റെയിൽവേ ബൈറാബി-സൈരാങ് റെയിൽവേ ലൈൻ കമ്മീഷൻ ചെയ്തു

ആദ്യയാത്ര രാജധാനിയിൽ
സൈരംഗ്-ആനന്ദ് വിഹാർ-സൈരാങ് രാജധാനി എക്സ്പ്രസ്: സമയ പട്ടിക
ട്രെയിൻ നമ്പർ 20507 സൈരംഗ്-ആനന്ദ് വിഹാർ ടെർമിനൽ രാജധാനി എക്സ്പ്രസ് വൈകുന്നേരം 4:30 ന് സൈരാങ് നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം 10:50 ന് ആനന്ദ് വിഹാർ ടെർമിനലിൽ എത്തിച്ചേരും. അതുപോലെ, ട്രെയിൻ നമ്പർ 20508 ആനന്ദ് വിഹാർ ടെർമിനൽ-സൈരാങ് രാജധാനി എക്സ്പ്രസ് വൈകുന്നേരം 4:50 ന് പുറപ്പെട്ട് മൂന്നാം ദിവസം 15:15 ന് സൈരാങ് എത്തിച്ചേരും.
ഐസ്വാൾ-ഡൽഹി രാജധാനി എക്സ്പ്രസ് ട്രെയിൻ: ടിക്കറ്റ് വില
ഐസ്വാൾ-ഡൽഹി രാജധാനി എക്സ്പ്രസ് ട്രെയിനിൽ മൂന്ന് തരം കോച്ചുകൾ ഉണ്ടായിരിക്കും: എസി 3 ടയർ (3 എ), എസി 2 ടയർ (2 എ), എസി ഫസ്റ്റ് ക്ലാസ് (1 എ). സായ്‌രംഗിനും ആനന്ദ് വിഹാർ ടെർമിനലിനും ഇടയിലുള്ള എസി 3 ടയറിൽ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് നിരക്ക് 3625 രൂപയാണ്. എസി 2 ടയറിന് ഇത് 4820 രൂപ വരെ എത്തുന്നു. എസി ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് നിരക്ക് മുഴുവൻ റൂട്ടിനും 7890 രൂപയാണ്.








0 comments