കോന്നിയിൽ ഓട്ടോ മറിഞ്ഞ് വിദ്യാർഥികളുടെ മരണം; ഡ്രൈവർക്കെതിരെ കേസ്

ചിറ്റാർ/കോന്നി: പത്തനംതിട്ട തണ്ണിത്തോട് കരിമാൻതോട് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മരിച്ച രണ്ട് വിദ്യാർഥികളുടെ മരണത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ കേസ്. അമിതവേഗം, അലക്ഷ്യവും മനുഷ്യ ജീവനും ആപത്ത് വരുത്തുന്ന രീതിയിലുമുള്ള ഡ്രൈവിങ്ങിനാണ് കേസെടുത്തത്.
കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനി തുമ്പാക്കുളം വാഴപ്ലാവിൽ (കല്ലുപറമ്പിൽ) സിജിൻ–സിജി ദമ്പതികളുടെ മകൾ ആദിലക്ഷ്മി (മുത്ത് 8), തൂമ്പാക്കുളം തൈപ്പറമ്പിൽ മന്മഥൻ– രാജി ദമ്പതികളുടെ മകൻ എൽകെജി വിദ്യാർഥി യദു കൃഷ്ണ (4) എന്നിവരാണ് മരിച്ചത്. ആദി ലക്ഷ്മിയുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലും യദുവിന്റെ മൃതദേഹം കോന്നി മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും.
റോഡിൽ പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നു. ആറ് വിദ്യാർഥികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഒരു കുട്ടിക്ക് പരിക്കില്ല. പരിക്കേറ്റ വിദ്യാർഥികളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആദിലക്ഷ്‌മി മരിച്ചു. യദു കൃഷ്ണയെ കാണാതായതിനെ തുടർന്ന് അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി എട്ടിന് തോട്ടിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അപകടത്തിൽ വാരിയെല്ലിനും കാലിനും ഗുരുതര പരിക്കേറ്റ തൂമ്പാക്കുളം മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂമ്പാക്കുളം ചാഞ്ഞപ്ലാക്കൽ അനിലിന്റെ മകൻ ശബരിനാഥ്, കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൺസ എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധൻ വൈകിട്ട് 3.45ന് കുട്ടികളെ കയറ്റിയ ഓട്ടോറിക്ഷ മടങ്ങുമ്പോഴായിരുന്നു അപകടം. 50 അടിയോളം താഴ്ചയിലേക്കാണ് പലതവണ മറിഞ്ഞാണ് ഓട്ടോറിക്ഷ വീണത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഓട്ടോറിക്ഷാ ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.









0 comments