മധ്യപ്രദേശിൽ കർഷകർ പ്രതിസന്ധിയിൽ; സവാളയെ പ്രതീകാത്മകമായി 'ശവമടക്കി'
മന്ദ്‌സൗർ: മധ്യപ്രദേശിൽ സവാള കർഷകരുടെ ദുരിതത്തിൽ വ്യത്യസ്തമായ പ്രതിഷേധം. വിളയിച്ചെടുത്ത സവാള കർഷകർ പ്രതീകാത്മകയായി 'ശവമടക്കി'. മൃതദേഹം അണിയിച്ചൊരുക്കുന്നതുപോലെ സവാളക്കൂട്ടത്തിന് മാലയും പൂക്കളും അർപ്പിച്ചിരുന്നു. കൊട്ടും വാദ്യമേളവുമായി അണിയിച്ചൊരുക്കിയ സവാളക്കൂട്ടവുമായി കർഷകർ വിലാപയാത്ര നടത്തി. ശേഷമായിരുന്നു ശ്മശാനത്തിൽ സംസ്കാരം. വിപണി വില ഇടിഞ്ഞതിനെ തുടർന്ന് ഉൽപ്പാദനച്ചെലവും ഗതാഗതച്ചെലവും പോലും തിരിച്ചുപിടിക്കാൻ കഴിയാതെ വന്നതോടെയാണ് കർഷകർക്ക് ഇത്തരത്തിൽ 'കടുംകൈ' ചെയ്യേണ്ടി വന്നത്.

മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിലെ ധംനാർ ഗ്രാമത്തിലെ കർഷകരാണ് സവാളയെ ശവമടക്കി പ്രതിഷേധിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി ഉത്പാദന മേഖലകളിലൊന്നാണ് മാൽവ-നിമാർ. തങ്ങളുടെ ഉൽപ്പന്നത്തിന് കിലോഗ്രാമിന് 1 മുതൽ 10 രൂപ വരെ മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് കർഷകർ പറയുന്നു. ചിലർക്ക് ഒന്നോ രണ്ടോ രൂപയാണ് ലഭിക്കുന്നത്. ഇത് കർഷകരെ കനത്ത നഷ്ടത്തിലാക്കുന്നു.
"ന്യായമായ വില ലഭിക്കാത്തതിനാലാണ് സവാളയെ പ്രതീകാത്മകമായി കണ്ട് ശവമടക്കിയത്. കർഷകർക്ക് ധാരാളം ചെലവുകൾ ഉണ്ടായിട്ടുണ്ട്. സർക്കാർ ഉണർന്നില്ലെങ്കിൽ, നമുക്ക് എന്തുചെയ്യാൻ കഴിയും? നമ്മുടെ ചെലവുകൾ തിരിച്ചുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മൾ എവിടേക്ക് പോകും?" പ്രതീകാത്മക ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത കർഷകനായ ബദ്രി ലാൽ ധാക്കഡ് പറഞ്ഞു.

ഉള്ളിയുടെ കയറ്റുമതിയിൽ ദീർഘകാലമായി നിലനിൽക്കുന്ന 25 ശതമാനം തീരുവ ഇന്ത്യൻ ഉള്ളി/ സവാളക്ക് വിദേശത്തുള്ള ആവശ്യം കുറച്ചുവെന്ന് കർഷകർ പറയുന്നു. ഇതിന്റെ ഫലമായി കയറ്റുമതി കുത്തനെ ഇടിഞ്ഞു. രാജ്യത്ത് സ്റ്റോക്ക് കുന്നുകൂടി. കർഷകർക്ക് ലഭ്യമാകുന്ന വില ഇടിഞ്ഞു.
മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിലവിൽ കേന്ദ്ര കൃഷി മന്ത്രിയാണെങ്കിലും ആവർത്തിച്ചുള്ള അപ്പീലുകൾ നൽകിയിട്ടും കേന്ദ്രം കയറ്റുമതി തീരുവ കുറച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. കർഷക പ്രതിഷേധങ്ങളുടെ നീണ്ട ചരിത്രമുള്ള ജില്ലയാണ് മന്ദ്‌സൗർ. സവാള കൃഷിയെ തന്നെയാണ് മണ്ണിട്ടതെന്നും ആത്മഹത്യയുടെ വക്കിലാണെന്നും കർഷകർ വ്യക്തമാക്കി. 'ശവസംസ്കാര ഘോഷയാത്ര' ഒരു തുടക്കം മാത്രമാണെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. കയറ്റുമതി തീരുവ ഉടൻ പിൻവലിക്കുകയും ന്യായമായ വില ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ മേഖലയിലുടനീളം പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷകർ പറഞ്ഞു.









0 comments