ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മൺ വരുമോ? ഒടുവിൽ പ്രതികരിച്ച് ബിസിസിഐ

ഗൗതം ഗംഭീർ, വിവിഎസ് ലക്ഷ്മൺ
മുംബൈ: ടെസ്റ്റ് പരമ്പരകളിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തുടർതോൽവികൾ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഭാവിയെയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഗംഭീർ ടീമിൽ നടത്തിയ പരീക്ഷണങ്ങളാണ് തോൽവികളുടെ പ്രധാന കാരണമെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. ദക്ഷിണാഫ്രിക്കയോട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സ്വന്തംമണ്ണിൽ ഏറ്റുവാങ്ങിയത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയവുമായി. മത്സരത്തിന് ശേഷം വാർത്താസമ്മേളനത്തിൽ പരിശീലക സ്ഥാനത്ത് തുടരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബിസിസിഐ തീരുമാനിക്കട്ടെ എന്നായിരുന്നു ഗംഭീറിന്റെ മറുപടി.
എന്നാൽ, പരിശീലകനെ ഇപ്പോൾ മാറ്റേണ്ടതില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഗംഭീറിൽ വിശ്വാസം തുടരാനാണ് ബോർഡിന്റെ തീരുമാനം. ടീമിന്റെ അഴിച്ചുപണിയിലുൾപ്പെടെ ഗംഭീറിന് പൂർണ സ്വാതന്ത്ര്യമുണ്ടാകും. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്ക് ശേഷം ടീം മാനേജ്മെന്റും സെലക്ടർമാരുമായി യോഗം ചേരുമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനുമായ വിവിഎസ് ലക്ഷ്മൺ പരിശീലകനായി വരുമെന്ന വാർത്തകളും ഇതിനിടയിൽ പ്രചരിക്കുന്നുണ്ട്. ഈ അഭ്യൂഹങ്ങളെയാകെ തള്ളുകയാണ് ബിസിസിഐ.









0 comments