"ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടിട്ടില്ല, പൂർണ പരിചരണം ലഭിക്കുന്നു"; അഭ്യൂഹങ്ങൾ തള്ളി ജയിൽ അധികൃതർ

ജയിലിന് പുറത്ത് പ്രതിഷേധിക്കുന്ന ഇമ്രാന്‍ ഖാന്‍റെ സഹോദരിമാരും പിടിഐ പ്രവര്‍ത്തകരും | Photo: AFP
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ (73) കൊല്ലപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അദിയാല ജലിൽ അധികൃതർ. ഇമ്രാൻ ഖാൻ ആരോഗ്യവാനായി തുടരുകയാണെന്നും പ്രചരിച്ച വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും ജയിൽ അധികൃതർ അറിയിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുൻപ്രധാനമന്ത്രിക്ക് പൂർണമായ ആരോഗ്യപരിചരണം ലഭിക്കുന്നുണ്ട്. ജയിലിൽനിന്നും അദ്ദേഹത്തെ എവിടേക്കും മാറ്റിയിട്ടില്ല. മറ്റ് പ്രചാരണങ്ങളെല്ലാം അസത്യമാണെന്നും ജയിൽ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ജയിലിന് പുറത്ത് പ്രതിഷേധിച്ച ഇമ്രാൻഖാന്റെ സഹോദരിമാർക്ക് അദ്ദേഹത്തെ കാണാൻ അനുമതി ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
മുൻ ക്രിക്കറ്റ് താരവും പാകിസ്ഥാൻ തെഹരീകെ ഇൻസാഫ് (പിടിഐ) പാർടി നേതാവുമായ ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 2023 മുതൽ റാവൽപിണ്ടിയിലെ ജയിലിലാണ്. കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ സൈന്യം ജയിലിൽവെച്ച് കൊലപ്പെടുത്തിയതായി അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇതോടെ ജയിലിന് പുറത്ത് പിടിഐ അണികൾ തടിച്ചുകൂടുകയും സംഘർഷമുണ്ടാകുകയും ചെയ്തു. ഇമ്രാന്റെ സഹോദരിമാരായ നൊറീൻ നിയാസി, അലീമ ഖാൻ, ഉസ്‌മ ഖാൻ എന്നിവരും ജയിലിന് പുറത്തുണ്ട്. ജൂണിൽ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.









0 comments