ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം; ഇന്ത്യ പാകിസ്ഥാനും പിന്നിൽ

Photo AFP
ഗുവാഹത്തി: സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയോട് നാണംകെട്ട് തോറ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ രണ്ട് സ്ഥാനമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. തുടർച്ചയായ രണ്ട് പരാജയത്തോടെ മൂന്നാം സ്ഥാനത്ത് നിന്നും ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കാണ് വീണത്. ഒമ്പത് മത്സരങ്ങളിൽ നാലു വീതം ജയവും തോൽവിയും ഒരു സമനിലയുമായി 48.15 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിലെ നിലവിലെ ജേതാക്കളായ ദക്ഷിണാഫ്രിക്ക ഇന്ത്യൻ പര്യടനത്തിനെത്തുമ്പോൾ ടെസ്റ്റ് പട്ടികയിൽ അഞ്ചാമതായിരുന്നു. ഇന്ത്യയ്ക്കെതിരെ നേടിയ കൂറ്റൻ വിജയം ടീമിന് വൻ നേട്ടമായി. നാല് മത്സരത്തിൽ മൂന്നും ജയിച്ച് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തി. നാലിൽ നാലും ജയിച്ച് ഓസ്ട്രേലിയയാണ് ഒന്നാമത്. 66.67 പോയന്റുമായി ശ്രീലങ്കയും 50 പോയന്റുമായി പാകിസ്ഥാനുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ
അതേസമയം ടെസ്‌റ്റ് ചരിത്രത്തിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും അപമാനകരമായ പതനത്തിനാണ് കഴിഞ്ഞ ദിവസം ഗുവാഹത്തി സാക്ഷ്യം വഴിച്ചത്. 12 വർഷമായി ഒറ്റ പരമ്പരയും സ്വന്തം തട്ടകത്തിൽ തോറ്റിട്ടില്ലെന്ന റെക്കോഡ് 12 മാസത്തിനിടെ രണ്ട് തവണയാണ് തകർന്നടിഞ്ഞത്. മറുവശത്ത് 25 വർഷത്തിനിടെ ആദ്യമായി ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിൽ പരമ്പര സ്വന്തമാക്കി. ആദ്യ കളിയിൽ 30 റണ്ണിനായിരുന്നു ടെംബ ബവുമയുടെ സംഘത്തിന്റെ ജയം.









0 comments