മയക്കുമരുന്ന് കേസിൽപെട്ടാൽ കുവൈത്തിൽ വധശിക്ഷയും ജീവപര്യന്തവും ശിക്ഷ; നിയമം പരിഷ്കരിച്ചു

drugs usage
avatar
സ്വന്തം ലേഖകൻ

Published on Nov 27, 2025, 01:04 PM | 1 min read

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വ്യാപനവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പൂർണമായും ഇല്ലാതാക്കാനായി നിയമപരിഷ്‌കരണവുമായി കുവൈത്ത്. മയക്കുമരുന്ന് കേസുകളിൽ വധശിക്ഷയും ജീവപര്യന്തം തടവും ഉൾപ്പെടുന്ന കർശന ശിക്ഷകൾ നിർബന്ധമാക്കുന്ന നിയമഭേദഗതി അമീരി ഉത്തരവായി പ്രസിദ്ധീകരിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച്‌ രണ്ടാഴ്ചയ്ക്കകം നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.


13 അധ്യായങ്ങളായി 84 ഖണ്ഡിക ഉൾക്കൊള്ളുന്നതാണ്‌ പുതുക്കിയ നിയമം. മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്‌തുക്കളും സംബന്ധിച്ച കുറ്റം ഇതിൽ വ്യക്തമായി വിശദീകരിക്കുന്നു. ഓരോ കുറ്റത്തിനും കർശനമായ ശിക്ഷാവ്യവസ്ഥ നിർദിഷ്‌ടമാക്കുകയും ചെയ്യുന്നു. ഉൽപ്പാദനം, നിർമാണം, കൃഷി, ഇറക്കുമതി, കയറ്റുമതി, കള്ളക്കടത്ത്, വിതരണ ശൃംഖലകൾ, പ്രമോഷൻ, കൈമാറ്റം, കൈവശം വയ്ക്കൽ, ഗതാഗതം തുടങ്ങി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തനവും പുതിയ നിയമത്തിൽ ഗുരുതര കുറ്റമായി പരിഗണിക്കുന്നു. ഇവയിൽ പല കുറ്റങ്ങൾക്കും വധശിക്ഷയോ ജീവപര്യന്തം തടവോ കൂടാതെ ഒരു ലക്ഷം കുവൈത്ത് ദിനാറിൽ താഴെയല്ലാത്ത പിഴയും നിർബന്ധമാക്കി.


മയക്കുമരുന്നോ സൈക്കോട്രോപിക് വസ്തുക്കളോ അതിന്റെ ചേരുവകളോ രാജ്യത്തേക്ക് കൊണ്ടുവരിക, രാജ്യത്തുനിന്ന് പുറത്തേക്ക് അയക്കുക, കൃഷി ചെയ്യുക, ഉൽപ്പാദിപ്പിക്കുക, സംഭരിക്കുക, കള്ളക്കടത്ത് നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ദേശീയ സുരക്ഷയെ നേരിട്ടു ബാധിക്കുന്ന കുറ്റങ്ങളായി പുതുക്കിയ നിയമം വിലയിരുത്തുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരെയാണ് ഏറ്റവും ഉയർന്ന ശിക്ഷകൾക്ക് വിധേയരാക്കുന്നത്. അതോടൊപ്പം, കുറഞ്ഞതരം ലംഘനങ്ങൾക്കും ശക്തമായ തടവുശിക്ഷയും കനത്ത പിഴയും ബാധകമാക്കുന്ന വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.


മയക്കുമരുന്ന് ഇടപാടുകളിൽ പങ്കാളികളാകുന്ന സംഘങ്ങളും ശൃംഖലകളും തകർക്കുന്നതിനായി അന്വേഷണ അധികാരികൾക്ക് കൂടുതൽ അധികാരം നൽകും. തെളിവ് ശേഖരിക്കലിനും പ്രതികളെ പിന്തുടരാനുമുള്ള നിയമപരമായ സംവിധാനങ്ങൾ ശക്തിപ്പെടുത്തി. രാജ്യവ്യാപകമായി മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി അതിർത്തി നിരീക്ഷണം, തുറമുഖ വിമാനത്താവളം പരിശോധനകൾ, രാജ്യത്തിനകത്തെ നിയമനടപടികൾ എന്നിവയും കൂടുതൽ കർശനമാക്കാൻ സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുവെന്നാണ് ലഭിക്കുന്ന സൂചനകൾ.


മയക്കുമരുന്ന് വ്യാപനം സമൂഹത്തെയും യുവതലമുറയെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ, ഇത്തരം ആകമാനവും കർശനവുമായ നിയമപരിഷ്‌കരണം അനിവാര്യമായിരുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തിന്റെ സുരക്ഷയും പൊതുസമാധാനവും സംരക്ഷിക്കുന്നതിൽ ഈ നിയമം വലിയ മാറ്റം കൊണ്ടുവരുമെന്നാണ്‌ പ്രതീക്ഷ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home