ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റ്
സ്വർണ പറവയായി മുഹമ്മദ് അസിൽ; കേരളത്തിന് ആദ്യ മെഡൽ

ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ലോങ്ങ് ജമ്പിൽ സ്വർണം നേടിയ കേരളത്തിൻ്റെ മുഹമ്മദ് അസിൽ | ഫോട്ടോ പി വി സുജിത്
ഭിവാനി(ഹരിയാന): ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ സ്വർണനേട്ടത്തോടെ കേരളം ആദ്യ മെഡൽ സ്വന്തമാക്കി. മലപ്പുറം കെഎം എച്ച്എസ്എസ് ആലത്തിയൂരിന്റെ കെ പി മുഹമ്മദ് അസിൽ ലോങ്ങ് ജമ്പിൽ വാനിൽ പറന്നാണ് കേരളത്തിന് സ്വർണം നേടിക്കൊടുത്തത്. 7.17 മീറ്റർ ചാടിയാണ് നേട്ടം സ്വന്തമാക്കിയത്.
അതേസമയം ആദ്യ ദിനം കേരളത്തിന് മെഡൽ ഒന്നും നേടാനായില്ല. പെൺകുട്ടികളുടെ ഹാമർത്രോയിൽ ഹരിയാനയുടെ ദീപാൻഷിയും (57.71 മീറ്റർ) മിന്നുവും (53.19 മീറ്റർ) സ്വർണവും വെള്ളിയും നേടി. രാജസ്ഥാന്റെ രശ്‌മിക്കാണ് വെങ്കലം (52.91 മീറ്റർ). കേരളത്തിന്റെ പല്ലവി സന്തോഷ് അഞ്ചാമതായി (51.11 മീറ്റർ). അവസാന ത്രോ ഫൗളായത് പാലക്കാട് വടവന്നൂർ വിഎച്ച്‌എസ്‌എസിലെ പ്ലസ്‌ടുക്കാരിക്ക് തിരിച്ചടിയായി.
ലോങ്ങ് ജമ്പിൽ സ്വർണം നേടിയ കേരളത്തിൻ്റെ മുഹമ്മദ് അസിൽ കോച്ച് റിയാസുമായി സന്തോഷം പങ്കിടുന്നു| ഫോട്ടോ പി വി സുജിത്
ആൺകുട്ടികളുടെ നൂറ് മീറ്ററിൽ കേരളത്തിന്റെ ജെ നിവേദ് കൃഷ്ണ ഫൈനലിലെത്തി. ഡിസ്‌കസ് ത്രോയിൽ ജെഫ്രിൻ മനോജ് ആന്ത്രപേർ, ട്രിപ്പിൾ ജന്പിൽ കെ മുഷ്‌താഖ്, അക്ഷയ് ജിത്ത്, 400 മീറ്ററിൽ ഷാമിൽ ഹുസൈൻ, 110 മീറ്റർ ഹർഡിൽസിൽ പി അമർജിത്ത്, സി കെ ഫസലുൽ ഹഖ് എന്നിവരും മുന്നേറി. പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ ഹെനിൻ എലിസബത്ത്, ഡെന ഡോണി, 400 മീറ്റർ ഓട്ടത്തിൽ വി ജെ നവ്യ, ഹൈജന്പിൽ ഇ ജെ സോണിയ, ആൻ ആഷ്‌ലി മനോജ്, നൂറ് മീറ്റർ ഹർഡിൽസിൽ ആദിത്യ അജി, എൻ എസ് വിഷ്‌ണുശ്രീ എന്നിവരും ഫൈനലിൽ പ്രവേശിച്ചു.
കഴിഞ്ഞ രണ്ടുതവണയും ജേതാക്കളായി കേരളം ഹാട്രിക് കിരീട പ്രതീക്ഷയോടെയാണ് ഇത്തവണ മേളയ്ക്കെത്തിയത്. ഇക്കുറി 71 അംഗസംഘമാണ്. 39 ആൺകുട്ടികളും 32 പെൺകുട്ടികളുമാണ് ടീമിലുള്ളത്. കഴിഞ്ഞതവണ റാഞ്ചിയിൽ ആറ് വീതം സ്വർണവും വെള്ളിയും നാല് വെങ്കലവുമടക്കം 138 പോയിന്റുമായാണ് കേരളം കിരീടം നിലനിർത്തിയത്.









0 comments