കാലിത്തൊഴുത്തിൽ ലിംഗനിർണ്ണയ കേന്ദ്രം, രണ്ട് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ കന്നുകാലി ഷെഡിൽ പ്രവർത്തിച്ചിരുന്ന ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയ ക്ലിനിക്ക് റെയിഡ് ചെയ്ത് പൊലീസ്. പ്ലസ്ടുക്കാരനായ യുവാവിനെയും പത്തോളജി ലാബ് ഉടമയെയും അറസ്റ്റ് ചെയ്തു.
നിയമവിരുദ്ധ ഭ്രൂണ ലിംഗനിർണ്ണയവും ഗർഭഛിദ്രവും വർധിക്കുന്നതായി കണ്ടെത്തിയുള്ള അന്വേഷണമാണ് ക്ലിനിക്കിലേക്ക് എത്തിച്ചത്. അധികൃതരുടെ ശ്രദ്ധ ഒഴിവാക്കാൻ നെൽവയലിലെ ടിൻഷീറ്റിൽ പണിത കന്നുകാലി തൊഴുത്തിലായിരുന്നു പ്രവർത്തനം.
ഭോക്കാർദാൻ തഹ്‌സിലിലെ നഞ്ച വാഡി ഗ്രാമത്തിലെ ഒരു വയലിന് നടുവിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ലിംഗനിർണ്ണയ പരിശോധനകൾ നടത്തിയ രണ്ട് പ്രതികളെയും പിടികൂടയതിന് പുറമെ പരിശോധനയ്ക്കായി കാത്തിരിക്കുന്ന മൂന്ന് സ്ത്രീകളെയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
സ്ഥലത്ത് നിന്ന് മെഡിക്കൽ പരിശോധനാ സാമഗ്രികൾ, ഒരു പോർട്ടബിൾ മെഷീൻ, ഗർഭഛിദ്ര ഗുളികകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
ഗ്രാമത്തിലെ ഗാവ്‌ലിവാഡി പ്രദേശത്ത് ജില്ലാ പരിഷത്ത് സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് ചേർന്നാണ് വയൽ. കന്നുകാലി കൂട്ടിൽ നിരവധി മാസങ്ങളായി രഹസ്യമായി ഭ്രൂണ ലിംഗനിർണ്ണയവും നിയമവിരുദ്ധ ഗർഭഛിദ്രവും നടന്നിരുന്നതായി പൊലീസ് പറഞ്ഞു.
ഛത്രപതി സംഭാജിനഗർ ജില്ലയിൽ നിന്നുള്ള പ്ലസ് ടു യോഗ്യത മാത്രമുള്ള സതീഷ് സോനാവാനെയാണ് ക്ലിനിക്ക് നടത്തിയിരുന്നത്. ഛത്രപതി സംഭാജിനഗർ, ബീഡ്, ജൽന ജില്ലകളിൽ നേരത്തെയും ഇയാൾക്കെതിരെ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സോനാവാന് സഹായങ്ങൾ നൽകിയിരുന്നത് ജൽന ജില്ലയിലെ ഭോകർദാൻ തഹ്‌സിലിൽ സ്ഥിതി ചെയ്യുന്ന തേജസ് പാത്തോളജി ലാബിന്റെ ഉടമയായ കേശവ് ഗവാണ്ടെ ആയിരുന്നു. ഇയാളാണ് അറസ്റ്റിലായ രണ്ടാമത്തെ വ്യക്തി.
2024 ജൂലൈയിൽ ഭോകർദാൻ തഹ്‌സിലിൽ ഒരു അനധികൃത ഗർഭഛിദ്ര കേന്ദ്രം ഇതേ മാതൃകയിൽ കണ്ടെത്തിയിരുന്നു. അന്ന് ജൽന, ബുൾദാന ജില്ലകളിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെ 28 പേരെ അറസ്റ്റ് ചെയ്തു.









0 comments