ലീഗിനായി സ്ഥാനാർഥിയെ പിൻവലിച്ച് ജമാഅത്തെ ഇസ്ലാമി

മേപ്പാടി: മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി മേപ്പാടി പഞ്ചായത്തിലും യുഡിഎഫിന് അവിശുദ്ധ സഖ്യം. മേപ്പാടി പഞ്ചായത്ത് ചൂരൽമല 11–ാം വാർഡിലാണ് പ്രചാരണം ആരംഭിച്ച സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ചാണ് ജമാഅത്തെ ഇസ്ലാമി യുഡിഎഫിനോടുള്ള സ്‌നേഹം പ്രകടമാക്കിയത്.
ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള വെൽഫെയർ പാർടി പി മുഹമ്മദ് റാഷിദിനെയാണ് ചൂരൽമല വാർഡിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തിനായി പോസ്‌റ്ററുകൾ ഇറക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്‌തു. ഗ്യാസ് സിലിണ്ടർ ചിഹ്നവും പ്രചരിപ്പിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ കെ സഹദാണ് എൽഡിഎഫ് സ്ഥാനാർഥി. മുസ്ലിംലീഗ് വാർഡ് സെക്രട്ടറി കെ മൻസൂർ യുഡിഎഫിനായും മത്സരിക്കുന്നു.
നാമനിർദേശ പത്രിക നൽകിയതിനുശേഷമാണ് ജമാഅത്തെ സ്ഥാനാർഥി തങ്ങൾക്ക് തിരിച്ചടിയാവുമെന്ന ഭയം ലീഗ് നേതാക്കൾക്കുണ്ടായത്. പ്രാദേശിക നേതാക്കളുമായി സംസാരിച്ച് പി മുഹമ്മദ് റാഷിദിനെ പിൻവലിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സംസ്ഥാന നേതാക്കൾ ജമാഅത്തെ സംസ്ഥാന നേതാക്കളെ ബന്ധപ്പെട്ട് സ്ഥാനാർഥിയെ പിൻവലിപ്പിക്കണമെന്ന് അഭ്യർഥിച്ചു. സംസ്ഥാന നേതാക്കളുടെ നിർദേശാനുസരണമാണ് പത്രിക നൽകിയശേഷം മുഹമ്മദ് റാഷിദ് പിൻവാങ്ങിയത്.
വെങ്ങപ്പള്ളി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പിണങ്ങോട് വെൽഫെയർ പാർടി സ്ഥാനാർഥിക്ക് യുഡിഎഫ് പരസ്യ പിന്തുണ നൽകിയിരുന്നു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകയും വെൽഫെയർ പാർടി ജില്ലാ പ്രസിഡന്റ് പി എച്ച് ഫൈസലിന്റെ ഭാര്യയുമായ എം പി ഷർബിനയെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയെന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടി വിജയിച്ച സീറ്റിലാണ് ഇത്തവണ സ്ഥാനാർഥിയെ നിർത്താതെ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിക്ക് പരസ്യപിന്തുണ നൽകുന്നത്. പൊഴുതനയിൽ ഉൾപ്പെടെ വെൽഫെയർ പാർടി കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ ഇത്തവണ സ്ഥാനാർഥിയില്ല.









0 comments