പണം കടം നൽകിയത് ബാദുഷയ്ക്ക്, തിരികെ ചോദിച്ചപ്പോൾ സിനിമകളിൽ നിന്ന് ഒഴിവാക്കി: ഹരീഷ് കണാരൻ

കൊച്ചി: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സിനിമകളിലെ തന്റെ അവസരം നിർമാതാവ് ബാദുഷ നഷ്ടപ്പെടുത്തിയെന്ന് നടൻ ഹരീഷ് കണാരൻ. 20 ലക്ഷം രൂപയാണ് ബാദുഷ്യ്ക്ക് കടം നൽകിയത്. അത് തിരികെ ചോദിച്ചു. അതിന്റെ വൈരാഗ്യത്തിൽ ‘അജയന്റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കംചെയ്യപ്പെട്ടു. സിനിമാ മേഖലയിൽ തന്നെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ കൂടിയായ ബാദുഷ ഇല്ലാക്കഥകൾ പറഞ്ഞുപരത്തി. പിന്നീട് ആരും വിളിക്കാതായി. ‘മധുരകണക്ക്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ് കണാരൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘‘സിനിമയിൽ എനിക്ക് നല്ല തിരക്കുള്ള സമയമായിരുന്നു അന്ന്. ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് പോയിക്കൊണ്ടിരുന്ന സമയം. അന്ന് ഞാൻ അമ്മ സംഘടനയിൽ അംഗത്വം എടുത്തിട്ടുണ്ടായിരുന്നില്ല. അപ്പോഴാണ് എന്റെ ഡേറ്റും കാര്യങ്ങളും മാനേജ് ചെയ്തോളാം എന്ന് പറഞ്ഞ് അയാൾ വരുന്നത്. അന്ന് അത്രയും സിനിമകൾ ചെയ്യുന്നതുകൊണ്ട് അയാളെ ഏൽപ്പിച്ചു. പിന്നീട് കള്ളൻ ഡിസൂസ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോൾ ഞാൻ 20 ലക്ഷം രൂപ അയാൾക്ക് കടമായി നൽകി. നാല് വർഷം ഞാൻ ആ പണം തിരികെ ചോദിച്ചതേയില്ല. എന്റെ വീടുപണി തുടങ്ങിയ സമയത്ത് ഞാൻ പണം തിരികെ ചോദിച്ചു. അപ്പോൾ ഓരോ ഒഴികഴിവുകൾ പറഞ്ഞുതുടങ്ങി. അപ്പോൾ ഞാൻ അമ്മയിൽ പരാതി നൽകി.
എആർഎം എന്ന സിനിമയ്ക്ക് 40 ദിവസത്തെ ഷൂട്ടിന് ഡേറ്റ് തന്നിരുന്നു. ആ സമയത്താണ് ബാദുഷയ്ക്ക് കടം കൊടുത്ത പണം തിരികെ ചോദിക്കുന്നത്. എആർഎമ്മിന്റെ ഷൂട്ട് തുടങ്ങി. പക്ഷെ എന്നെ വിളിച്ചില്ല. ഒരു അവാർഡ് ഷോയിക്ക് പോയി മടങ്ങുമ്പോൾ ടോവിനൊയുമായി സംസാരിക്കുമ്പോഴാണ് സംഭവങ്ങളുടെ യാഥാർഥ്യം മനസിലാക്കുന്നത്. ‘എആർഎം’ സിനിമയിൽ അഭിനയിക്കാൻ ചേട്ടൻ എന്താണ് വരാഞ്ഞതെന്ന് എന്നോട് ടൊവീനോ ചോദിച്ചു . ഞാൻ പറഞ്ഞു എന്നെ വിളിച്ചില്ലെന്ന്. ചേട്ടന് ഡേറ്റ് ഇല്ല, വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല എന്നൊക്കെയാണ് ബാദുഷ പറഞ്ഞതെന്ന് ടൊവീനോ പറഞ്ഞു. അത് കേട്ടപ്പോൾ ഞെട്ടിപ്പോയി.’’- ഹരീഷ് കണാരൻ പറഞ്ഞു.
കോവിഡ് കാലം കഴിഞ്ഞപ്പോൾ തമാശയുടെ രൂപം മാറിയതുകൊണ്ട് ആരും തന്നെ വിളിക്കാത്തതാവും എന്നാണ് കരുതിയിരുന്നതെന്നും സിനിമകളിൽ നിന്ന് ലഭിച്ച അവസരങ്ങൾകൂടി ഒഴിവാക്കിയത് വിഷമിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മലയാള സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് ഹരീഷ്.









0 comments