തെരുവുനായ കടിക്കുന്നത് വലിയ കാര്യമാക്കേണ്ടെന്ന് നടി നിവേത; "നടക്കുന്നത് ഭയപ്രചാരണം"

നിവേത പെതുരാജ്
ചെന്നൈ : രാജ്യത്താകെ തെരുവുനായകളുടെ ആക്രമണം വർധിച്ചുവരികയാണ്. ആക്രമണങ്ങൾ തടയുന്നതിൽ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കുന്നതിനായി സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, തെരുവുനായകളെക്കുറിച്ച് തെന്നിന്ത്യൻ സിനിമാതാരം നിവേത പെതുരാജ് നടത്തിയ പരാമർശങ്ങൾ വലിയചർച്ചയായിരിക്കുകയാണ്.
നായ കടിക്കുന്നത് വലിയ കാര്യമാക്കി കാണിക്കരുതെന്നും ഭയം പ്രചരിപ്പിക്കരുതെന്നുമാണ് നടി പറഞ്ഞത്. ചെന്നൈയിൽ തെരുവുനായ്ക്കൾക്കായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു നിവേത. 'ചെറിയ പ്രായംമുതൽ അനുകമ്പയോടെ പെരുമാറാൻ കുട്ടികളെ പഠിപ്പിക്കണം. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്താൽ, നമ്മൾ അവരെ കൊല്ലില്ലോ. മൃഗങ്ങളോടും നമ്മൾ അതേ തെറ്റ് ആവർത്തിക്കരുത്. ഷെൽട്ടറുകൾ ഉണ്ടാക്കുന്നതിന് പകരം നായ്ക്കളെ വാക്സിനേറ്റ് ചെയ്യുകയാണ് വേണ്ടത് - നിവേത പറഞ്ഞു.
നിവേതയുടെ പ്രതികരണം സോഷ്യൽമീഡിയയിൽ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവെച്ചത്. തെരുവുനായകളുടെ ആക്രമണം നേരിടേണ്ടിവരുന്നത് സാധാരണക്കാരാണെന്നും, നടിയെപ്പോലെ ഉയർന്ന ജീവിതം നയിക്കുന്നവരല്ലെന്നും വിമർശകർ പറയുന്നു. ആഡംബര കാറിൽ പോകുന്നവർക്ക് പ്രശ്നം മനസിലാകില്ല. പൊതുസ്ഥലങ്ങളിൽ മനുഷ്യർക്ക് സുരക്ഷിതത്വം വേണമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.









0 comments