ജീവനെടുത്ത് കാട്ടാന; നിലമ്പൂരിൽ അതിഥിതൊഴിലാളി കൊല്ലപ്പെട്ടു

നിലമ്പൂർ: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ അതിഥിതൊഴിലാളി കൊല്ലപ്പെട്ടു. ടാപ്പിങ് തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി ഷാരോൺ (55) ആണ് കൊല്ലപ്പെട്ടത്. വ്യാഴം രാവിലെ ഒൻപതോടെ അരയാട് എസ്റ്റേറ്റിൽ ആയിരുന്നു സംഭവം. പ്രദേശത്ത് ഇന്നലെ മുതൽ ആനയുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അരയാട് എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയാണ് ഷാരോൺ.
കാട്ടാന ശല്യം പതിവായ പ്രദേശമാണിത്. ടാപ്പിങ് കഴിഞ്ഞ് മറ്റ് തൊഴിലാളികൾക്കൊപ്പം മടങ്ങിവരികയായിരുന്നു ഷാരോൺ. പിന്നാലെയെത്തിയ കാട്ടാന തൊഴിലാളികളെ ഓടിക്കുകയായിരുന്നു. ഷാരോണിനൊപ്പമുണ്ടായിരുന്നവർ ചിതറിയോടി രക്ഷപെട്ടു. എന്നാൽ ഷാരോണിന് രക്ഷപെടാനായില്ല. റബർ മരങ്ങൾക്ക് പിന്നിലായി കാട്ടാന ഒളിച്ചുനിൽക്കുകയായിരുന്നുവെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവ സ്ഥലത്തെത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മാറ്റും.









0 comments