കൈക്കൂലിക്കാർക്ക് വിജിലൻസിന്റെ 'കെണി'; ഈ വർഷം രജിസ്റ്റർ ചെയ്തത് 50 കേസുകൾ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ ഈ വർഷം കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (വിഎസിബി) രജിസ്റ്റർ ചെയ്തത് 50 കേസുകൾ. കൈക്കൂലി ആവശ്യപ്പെട്ടതിനും വാങ്ങിയതിനുമാണ് കേസ്. വിവിധ വകുപ്പുകളിലായി നടന്ന ട്രാപ്പ് ഓപ്പറേഷനുകളിൽ സർക്കാർ ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെ ആകെ 68 പ്രതികളെയാണ് ഈ വർഷം അറസ്റ്റ് ചെയ്തത്. 50 കേസുകളിൽ റവന്യൂ വകുപ്പിൽ - 17, തദ്ദേശ സ്വയംഭരണ വകുപ്പ്-10, പൊലീസ്- ആറ്, വിദ്യാഭ്യാസ വകുപ്പ് - മൂന്ന്, കെഎസ്ഇബി- മൂന്ന്, വിവിധ വകുപ്പുകളിൽ നിന്നുള്ള 11 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (ടിഡിബി) കീഴിലുള്ള മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസറും ആലപ്പുഴ ജില്ലയിലെ കുട്ടമ്പേരൂർ കുന്നത്തൂർ ശ്രീ ദുർഗാദേവി ക്ഷേത്രത്തിന്റെ റിസീവറുമായ ശ്രീനിവാസനെതിരെ രജിസ്റ്റർ ചെയ്തതാണ് അമ്പതാമത്തെ കേസ്. ക്ഷേത്രാചാരങ്ങൾ സുഗമമാക്കുന്നതിന് കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
ദുർഗാദേവി ക്ഷേത്രത്തിൽ പൂജകൾ ബുക്ക് ചെയ്യാൻ മാന്നാർ സ്വദേശി ശ്രീനിവാസനെ ബന്ധപ്പെട്ടിരുന്നു. നവംബർ 15 ന് പരാതിക്കാരന്റെ ചെലവിൽ വഴിപാടുകൾ നടത്തിയ ശേഷം ശ്രീനിവാസൻ 5,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. അത് ഗൂഗിൾ പേ വഴി അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മാന്നാർ സ്വദശിയുടെ പരാതിയിൽ വിജിലൻസ് കെണിയൊരുക്കുകയായിരുന്നു. ബുധനാഴ്ച ശ്രീനിവാസൻ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിക്കപ്പെടുകയായിരുന്നു.
സർക്കാർ സേവനങ്ങളിലെ അഴിമതി ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്നും നിരവധി ഉദ്യോഗസ്ഥർ നിരന്തരമായ നിരീക്ഷണത്തിലാണെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. അഴിമതിയും കൈക്കൂലിയും സംബന്ധിച്ച പരാതികൾ വിജിലൻസിൽ റിപ്പോർട്ട് ചെയ്യണമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments