ശരീരഭാരം കൂട്ടാൻ 'ബിഞ്ച് ഈറ്റിംഗ്' ചലഞ്ച്; റഷ്യൻ ഫിറ്റ്‌നസ് പരിശീലകൻ ഉറക്കത്തിൽ മരിച്ചു

ഒറെൻബർഗ്: സ്വന്തം വെയ്റ്റ്-ലോസ് പ്രോഗ്രാം (Weight-loss programme) പ്രചരിപ്പിക്കുന്നതിനായി ശരീരഭാരം കൂട്ടാനുള്ള ശ്രമത്തിനിടെ റഷ്യൻ ഫിറ്റ്‌നസ് പരിശീലകനും ഇൻഫ്ലുവൻസറുമായ യുവാവ് ഉറക്കത്തിൽ മരിച്ചു. റഷ്യയിലെ ഒറെൻബർഗ് സ്വദേശിയായ 30കാരൻ ദിമിത്രി നുയാൻസിൻ ആണ് മരിച്ചത്. ഏകദേശം 25 കിലോഗ്രാം ഭാരം വർധിപ്പിക്കാനും, പിന്നീട് അത് വ്യായാമത്തിലൂടെ കുറച്ച് കാണിച്ച് തന്റെ ഉപഭോക്താക്കള്‍ക്ക് പ്രചോദനമേകാനുമായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്.
ഈ 'മാരത്തൺ' ചലഞ്ചിന്റെ ഭാഗമായി ആഴ്ചകളോളം അമിതമായി ജങ്ക് ഫുഡ് ഇദ്ദേഹം കഴിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ദിവസേന 10,000 കലോറിയിലധികം ഭക്ഷണം ഇദ്ദേഹം അകത്താക്കിയിരുന്നു. പ്രഭാതഭക്ഷണമായി കേക്കുകളും പേസ്ട്രികളും, ഉച്ചയ്ക്ക് മയോണൈസ് ചേർത്ത ഡംപ്ലിംഗ്സ്, അത്താഴത്തിന് ബർഗറും പിസ്സയും എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണക്രമം. നവംബർ 18ന് പങ്കുവെച്ച അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, താൻ 105 കിലോഗ്രാം ഭാരത്തിലെത്തിയെന്നും ഒരു മാസത്തിനുള്ളിൽ 13 കിലോഗ്രാം വർദ്ധിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
മരണത്തിന് തൊട്ടുമുമ്പുള്ള ദിവസം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നുയാൻസിൻ പരിശീലന സെഷനുകൾ റദ്ദാക്കിയിരുന്നു. സുഹൃത്തുക്കളോട് തനിക്ക് സുഖമില്ലെന്നും ഡോക്ടറെ കാണാൻ പോവുകയാണെന്നും അറിയിച്ചിരുന്നു. എന്നാൽ, അന്നേ ദിവസം ഉറക്കത്തിൽ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
സെന്റ് പീറ്റേഴ്സ്ബർഗിലെ നാഷണൽ ഫിറ്റ്നസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒറെൻബർഗ് ഒളിമ്പിക് റിസർവ് സ്കൂളിൽ നിന്നും ബിരുദം നേടിയ നുയാൻസിൻ, പത്ത് വർഷമായി എലൈറ്റ് ട്രെയിനറായി പ്രവർത്തിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സോഷ്യൽ മീഡിയയാകെ അനുശോചനം രേഖപ്പെടുത്തി. ഇത്തരം അപകടകരമായ പരീക്ഷണങ്ങൾക്കെതിരെയുള്ള ഒരു മുന്നറിയിപ്പാണ് ഈ സംഭവമെന്ന് പലരും അഭിപ്രായപ്പെട്ടു.









0 comments