പത്താം ക്ലാസ് വിദ്യാർഥിനിയായ മകളെ ലൈംഗികവൃത്തിക്ക് നിർബന്ധിച്ചു; അമ്മയ്ക്കും അയൽവാസിക്കുമെതിരെ കേസ്

മുംബൈ: പത്താം ക്ലാസ് വിദ്യാർഥിനിയായ മകളെ ലൈംഗികവൃത്തിക്ക് നിർബന്ധിച്ച കേസിൽ അമ്മയ്ക്കും അയൽവാസിയായ പുരുഷനുമെതിരെ പൊലീസ് കേസെടുത്തു. പണം സമ്പാദിക്കുന്നതിനായി തന്നെ നിരന്തരം ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചെന്നാണ് മുംബൈ സ്വദേശിനിയായ പെൺകുട്ടി ആരോപിക്കുന്നത്.
പെൺകുട്ടിയുടെ ക്ലാസ് ടീച്ചർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി ഘാട്കോപ്പർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ഏപ്രിൽ മുതൽ അമ്മയും അയൽക്കാരനും തന്നെ ലൈംഗികവൃത്തിക്കായി നിർബന്ധിച്ചിരുന്നതായാണ് പെൺകുട്ടി ആരോപിക്കുന്നത്.
പീഡനം സഹിക്കവയ്യാതെ വന്നപ്പോൾ, പെൺകുട്ടി ഒരു സുഹൃത്തിനെ കൂട്ടി തന്റെ ദുരവസ്ഥ ക്ലാസ് ടീച്ചറോട് വിവരിക്കുകയായിരുന്നു. ഒരിക്കൽ വീട്ടിൽ നിന്ന് ഓടിപ്പോയി മൂന്ന് ദിവസം സുഹൃത്തിന്റെ വീട്ടിൽ താമസിച്ചെങ്കിലും, തിരിച്ചെത്തിയപ്പോൾ വീണ്ടും തന്നെ ഈ പ്രവർത്തിക്കായി നിർബന്ധിച്ചതായി പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി.
വിവരമറിഞ്ഞ ടീച്ചർ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും പൊലീസിൽ വിവരം കൈമാറുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ, അമ്മയ്ക്കും അയൽവാസിക്കുമെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള 64 (ബലാത്സംഗം), 98 (ലൈംഗികവൃത്തിക്കായി കുട്ടിയെ വിൽക്കൽ) ഉൾപ്പെടെയുള്ള വകുപ്പുകളും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.









0 comments