ബാർക് റേറ്റിങ്ങിൽ ചാനലിനെ ഒന്നാമതെത്തിക്കാൻ കൈക്കൂലി: മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: ടെലിവിഷൻ റേറ്റിങ് കണക്കാക്കുന്ന ബാർക് സംവിധാനത്തിൽ തട്ടിപ്പെന്ന് പരാതി. കേരളത്തിലെ ഒരു പ്രമുഖ ചാനൽ റേറ്റിങ് ഉയർത്തിക്കാണിക്കാനായി ബാർക് ഉദ്യോഗസ്ഥന് 100 കോടി രൂപ നൽകിയെന്നാണ് ആരോപണം. സംഭവത്തിൽ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബാർക് മേധാവിക്കും പരാതി നൽകി. കേരള പൊലീസിന്റെ സൈബർ വിഭാഗം കേസ് അന്വേഷിച്ചുവരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു.
റേറ്റിങ് അട്ടിമറിക്കാൻ ബാർക്കിലെ മിഡിൽ ലെവൽ ഉദ്യോഗസ്ഥനായ പ്രേംനാഥിന്റെ നേതൃത്വത്തിൽ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പ് നടത്തിയത്. റേറ്റിങ്ങിൽ തട്ടിപ്പ് നടത്താൻ കേരളത്തിലെ ഒരു ചാനൽ ഉടമ പ്രേംനാഥിന് കോടികൾ കൈമാറിയതായി ട്വന്റി ഫോർ ചാനൽ റിപ്പോർട്ട് ചെയ്തു. ക്രിപേറ്റോ കറൻസി യുഎസ് ഡിറ്റി( ഡോളർ ടെതർ) വഴിയാണ് ചാനൽ ഉടമ പ്രേംനാഥിന് പണം കൈമാറിയത്. റേറ്റിങ് ഉയർത്തി കാണിക്കാൻ ആവശ്യപ്പെടുന്നതും പണം കൈമാറിയെന്ന് പറയുന്നതുമായ വാട്ട്സാപ്പ് ചാറ്റുകളും ട്വന്റിഫോർ പുറത്തുവിട്ടു.
ചാനൽ ഉടമയും പ്രേംനാഥുമായി ഫോൺകോൾ വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു. ബാർക് റേറ്റിങ്ങിൽ കൃത്രിമം നടത്തി അധിക പ്രേക്ഷക പിന്തുണയുണ്ടെന്ന് വരുത്തി തീർത്തു. ഫോൺ ഫാമിങ് ഉൾപ്പെടെ നടത്തി വിദേശ രാജ്യങ്ങളിലിൽ നിന്നും യൂട്യൂബ് പ്രേക്ഷകരുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയെന്നും റിപ്പോർട്ടുണ്ട്. ബാർക് റേറ്റിങ്ങിൽ തട്ടിപ്പുണ്ടെന്ന് കാണിച്ച് നേരത്തെ മീഡിയാ വൺ ചാനൽ റേറ്റിങ് സംവിധാനത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു.
എന്താണ് ബാർക്
ടെലിവിഷൻ ചാനലുകളുടെ ജനപ്രിയത അളക്കുന്ന അളവുകോലായി പരസ്യദാതാക്കൾ പരിഗണിക്കുന്ന സംവിധാനമാണ് ബാർക് അഥവാ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ. ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണം, കാണുന്ന പരിപാടികൾ, ചാനലുകൾ എന്നിവ ശാസ്ത്രീയമായി പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് സംവിധാനത്തിന്റെ ഉടമസ്ഥതയിലാണ് ബാർക് പ്രവർത്തിക്കുന്നത്. ബ്രോഡ്കാസ്റ്റർമാർ, പരസ്യദാതാക്കൾ, പരസ്യ-മാധ്യമ ഏജൻസികളെ പ്രതിനിധീകരിക്കുന്ന സംഘടനകൾ എന്നിവ ചേർന്നാണ് ബാർക് സ്ഥാപിച്ചത്. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ, ഇന്ത്യൻ ഏജൻസീസ് അസോസിയേഷൻ, ഇന്ത്യൻ സൊസൈറ്റി ഓഫ് അഡ്വട്ടൈസേഴ്സ് എന്നിവരുടെ സംയുക്ത പ്ലാറ്റ്ഫോമാണ് ബാർക്.
2010 ജൂലൈ 9നാണ് നിലവിൽ വരുന്നത്. അതുവരെ ടെലിവിഷൻ ഓഡിയൻസ് മെഷർമെന്റ് എന്ന സ്വകാര്യ ഏജൻസിയാണ് ഇത് കൈകാര്യം ചെയ്തിരുന്നത്. ഏജൻസിയെക്കുറിച്ച് പരാതികളുയർന്ന സാഹചര്യത്തിലാണ് ബാർക് രൂപീകരിച്ചത്. ഇന്ത്യയിലെ പരസ്യ വിപണിയിൽ ഏകദേശം 50000 കോടിയുടെ വരുമാനമാണ് പ്രതിവർഷം ഉണ്ടാകുന്നത്. ബാർക് റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പരസ്യ ദാതാക്കൾ ചാനലുകളെ സമീപിക്കുന്നത്.









0 comments