തലസ്ഥാനത്ത് അറസ്റ്റിലായ ബണ്ടിചോറിനെ ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ തിരുവനന്തപുരത്തെത്തിയ മോഷ്ടാവ് ബണ്ടിചോറിനെ അറസ്റ്റ് ചെയ്ത് കോടതി ജാമ്യത്തിൽ വിട്ടു. തിങ്കൾ വൈകിട്ട് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരസ്പരവിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് മാനസികനില പരിശോധിച്ചശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. നിലവിൽ ഇയാൾക്കെതിരെ കേസുകളില്ലാത്തതിനാലും പരിശോധനയിൽ മാനസികനിലയിൽ കുഴപ്പമൊന്നും കണ്ടെത്താത്തതും പരിഗണിച്ചാണ് ജാമ്യം.
പേരൂർക്കട സ്റ്റേഷനിൽനിന്ന് 76,000 രൂപയും കുറച്ചുസാധനങ്ങളും കിട്ടാനുണ്ടെന്നും അഭിഭാഷകനെ കാണാൻ എത്തിയതാണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പേരൂർക്കട സ്റ്റേഷനിൽ പോയെങ്കിലും രേഖകൾ കിട്ടിയില്ല. കൂടുതൽ ചോദ്യം ചെയ്തതോടെ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. തുടർന്നാണ് മാനസികനില പരിശോധിക്കാൻ തീരുമാനിച്ചത്. ജാമ്യം ലഭിച്ചെങ്കിലും പൊലീസ് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്.









0 comments