ഏഴ് മിനിറ്റിൽ ഹാട്രിക്ക്; വീണ്ടും എംബാപ്പെ; 4-3 ത്രില്ലറിൽ റയലിന് ജയം

മാഡ്രിഡ്: ഏഴ് മിനിറ്റിലെ ഹാട്രിക്ക് ഉൾപ്പെടെ നാല് ഗോളുകൾ, കിലിയൻ എംബാപ്പെയുടെ ഗോളടി മികവിൽ കുതിച്ച് റയൽ മാഡ്രിഡ്. ചാമ്പ്യൻസ് ലീഗ് ത്രില്ലറിൽ ഒളിമ്പ്യാക്കോസിനെതിരെ 4-3നാണ് റയൽ ജയിച്ചു കയറിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയൽ മാഡ്രഡിന്റെ തിരിച്ചുവരവ്.
കളിയുടെ എട്ടാം മിനിറ്റിൽ ഗ്രീക്ക് ക്ലബ് ഒളിമ്പ്യാക്കോസ് റയലിനെ ഞെട്ടിച്ചു. ചിക്കിഞ്ഞോ 20 വാര അകലെ നിന്ന് തൊടുത്ത ഷോട്ടിലൂടെയാണ് ആതിഥേയർക്ക് അപ്രതീക്ഷിത ലീഡ് നേടികൊടുത്തത്. എന്നാൽ അടുത്ത ഇരുപത് മിനിറ്റിനുള്ളിൽ കാര്യങ്ങൾ മാറി മറിഞ്ഞു. 22, 24, 29 മിനിറ്റുകളിലായി എംബാപ്പെയിലൂടെ റയൽ തിരിച്ചടിച്ചു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഹാട്രിക്ക് ആണിത്.
വിനീഷ്യസ് ജൂനിയർ നൽകിയ മനോഹരമായ പാസിൽ നിന്നാണ് ഫ്രഞ്ച് താരം ആദ്യ ഗോൾ നേടിയത്. തൊട്ടുപിന്നാലെ അർദ ഗുലെർ നൽകിയ ക്രോസ് തലകൊണ്ട് രണ്ടാം ഗോളും എഡ്വേർഡ് കാമവിംഗയുടെ പാസിൽ നിന്ന് എംബാപ്പെ ഹാട്രിക്കും പൂർത്തിയാക്കി. പിന്നീട് വിനീഷ്യസ് വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാൽ ഗോൾ അനുവദിച്ചില്ല.
രണ്ടാം പകുതിയിൽ കളി തിരിച്ചുപിടിക്കാൻ ഒളിമ്പ്യാക്കോസ് പരിശ്രമിച്ചു. 52-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മെഹ്ദി തരെമിയുടെ ഹെഡറിലൂടെ ഒളിമ്പ്യാക്കോസ് കളിയിലേക്ക് തിരികെയെത്തി. എട്ട് മിനിറ്റിന് ശേഷം 60-ാം മിനിറ്റിൽ വിനീഷ്യസിന്റെ പാസിൽ നിന്നും എംബാപ്പെ തന്റെ നാലാം ഗോൾ നേടി ടീം ലീഡ് ഉയർത്തി. എന്നാൽ പൊരുതി കളിച്ച ഒളിമ്പ്യാക്കോസ് 81-ാം മിനിറ്റിൽ മറ്റൊരു ഹെഡർ ഹോളിലൂടെ മൂന്നാം ഗോൾ കണ്ടെത്തി. അയൂബ് എൽ കാബിയാണ് അവസാന നിമിഷം ഗോൾ നേടിയത്.
ജയത്തോടെ ചാമ്പ്യൻസ് ലീഗ് പോയന്റ് നിലയിൽ ഒന്നാമതുള്ള ആഴ്സണലുമായുള്ള പോയന്റ് വ്യത്യാസം മൂന്നായി കുറയ്ക്കാൻ ടീമിനായി. 12 പോയന്റുള്ള റയിൽ അഞ്ചാം സ്ഥാനത്താണുള്ളത്.









0 comments