‘പ്രോട്ടോസ്റ്റിക്റ്റ സൂര്യപ്രകാശി’: പശ്ചിമഘട്ടത്തിൽ പുതിയ ഇനം നിഴൽത്തുമ്പി
അഗുന്പെയിൽനിന്ന് കണ്ടെത്തിയ ‘പ്രോട്ടോസ്റ്റിക്റ്റ സൂര്യപ്രകാശി’ നിഴൽത്തുമ്പി

സ്വന്തം ലേഖകൻ
Published on Nov 27, 2025, 07:14 AM | 1 min read
കാസർകോട്: ജൈവ വൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടത്തിൽനിന്നും പുതിയ ഇനം സൂചിത്തുമ്പിയെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി ഗവേഷകർ. കർണാടകത്തിലെ കുടക് ജില്ലയിലെ സംപാജയിൽ നിന്നും ഷിവമോഗ ജില്ലയിലെ അഗുന്പെയിൽ നിന്നുമാണ് നിഴൽത്തുമ്പി വർഗത്തിൽപ്പെടുന്ന തുമ്പിയെ കണ്ടെത്തിയത്. ‘പ്രോട്ടോസ്റ്റിക്റ്റ സൂര്യപ്രകാശി’ എന്ന പേരും നൽകി. മംഗളൂരു ഡോ.ശിവറാം കാരാന്ത് നിസർഗധാമയിലെ ബോട്ടണി വിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റും, മാംഗളൂർ യൂണിവേഴ്‌സിറ്റിയിലെ മുൻ ഗവേഷകനും, അധ്യാപകനുമായിരുന്ന ഡോ. എച്ച് സൂര്യപ്രകാശ് ഷേണായിയോടുള്ള ആദരസൂചകമായാണ് പേര് നൽകിയത്.
തലശേരി ഗവ.ബ്രണ്ണൻ കോളജിലെ അധ്യാപകരായ കെ എ മുഹമ്മദ് ഹനീഫ്, വൈ പി മൈമൂനത്ത് ബീവി, ഗവേഷകനും കാർഷിക സർവകലാശാലയിലെ കോളജ് ഓഫ് ഫോറസ്ട്രി അധ്യാപകനുമായ ഡോ.വിവേക് ചന്ദ്രൻ, ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ബട്ടർഫ്‌ളൈ ട്രസ്റ്റ് അംഗവും ഗവേഷകനുമായ ഡോ.ദത്തപ്രസാദ് സാവന്ത്, പൂനെയിലെ എംഐടി സർവകലാശാല അധ്യാപകനായ ഡോ.പങ്കജ് കോപാർഡെ, എൻസിബിഎസ് ബംഗളൂരിലെ ശാസ്ത്രജ്ഞനായ ഡോ.കൃഷ്ണമേഘ് കുന്തേ എന്നിവരുടെ സംയുക്തമായ പരിശ്രമമാണ് പുതിയ കണ്ടത്തലിനുപിന്നിൽ.
പശ്ചിമഘട്ടത്തിൽനിന്നും കണ്ടെത്തുന്ന 19ാമത്തെ നിഴൽത്തുമ്പിയാണ് ഇതെന്ന് ഗവേഷകർ പറഞ്ഞു. അരുവികളോട് ചേർന്നുള്ള സൂര്യപ്രകാശം നേരിട്ട് പതിക്കാത്ത സ്ഥലങ്ങളിലാണ് കാണപ്പെടുന്നത്. ആവാസ വ്യവസ്ഥയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾപോലും ഇവയുടെ നിലനിൽപ്പിന് ഭീഷണിയാണ്. ന്യൂസിലാൻഡ് ആസ്ഥാനമായുള്ള ജേണൽ ഓഫ് സൂ ടാക്‌സയിൽ ഇതുസംബന്ധിച്ച ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.








0 comments