തൃശൂരിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ചു; കൊലപാതകമെന്ന് യുവതിയുടെ കുടുംബം

വരന്തരപ്പിള്ളി(തൃശൂർ): തൃശൂർ വരന്തരപ്പിള്ളിയിൽ നാലു മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. നന്തിപുലം മനക്കലക്കടവ് മാക്കോത്ത് ഷാരോണിന്റെ ഭാര്യ അർച്ചന (21) യാണ് മരിച്ചത്. മകളെ ഭർതൃ വീട്ടുകാർ നിരന്തരം മർദിച്ചിരുന്നതായും അർച്ചനയുടെ മരണം കൊലപാതകമാണെന്നും സംശയമുള്ളതായി യുവതിയുടെ അച്ഛൻ ഹരിദാസ് പറഞ്ഞു.
'അവൻ മോളെ തല്ലിക്കൊന്നതാന്നാ ഞങ്ങൾ കരുതുന്നേ.. അവനും അമ്മയും ഒക്കെ ക്രൂരമായി പീഡിപ്പിക്കുവാരുന്നു, ഫോൺ ചെയ്യാൻ പോലും മകളെ അനുവദിച്ചിരുന്നില്ല. എന്ത് ചെയ്താലും ഷാരോണിന് സംശയമായിരുന്നു. ഒറ്റയ്ക്ക് ഒരു സ്ഥലത്തേക്കും വിടില്ല. ഒരിക്കൽ അളഗപ്പ കോളേജിൽ പോയി മോളെ അവൻ റോഡിൽ വച്ച് തല്ലി. അപ്പോൾ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് വീട്ടിലേക്ക് പോരൂ എന്ന് മകളോട് പറഞ്ഞിരുന്നു. അർച്ചനയുടെ ചേച്ചിയോട് അവൻ മോളെ കൊല്ലുമെന്ന് പറഞ്ഞിരുന്നു'.- അർച്ചനയുടെ അച്ഛൻ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് നാലോടെ ഇവരുടെ വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്ന് കരുതുന്നു. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷാരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടതെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.
വ്യാഴാഴ്ച രാവിലെ ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ആറ് മാസം മുമ്പാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം നടന്നത്. അളഗപ്പ നഗറിലെ പോളിടെക്നിക്കിൽ ഡിപ്ലോമ വിദ്യാർഥിയാണ്. അർച്ചനയുടെ മരണത്തിൽ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷാരോൺ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ കഞ്ചാവ് കേസിൽ പ്രതിയാണെന്നും വിവരമുണ്ട്.









0 comments