യുപിയിൽ വിവാഹത്തലേന്ന് ബിഎൽഒ ജീവനൊടുക്കി

ലഖ്നൗ: വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധനയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാത്തതിന് സസ്‍പെൻഷനിലായ ബിഎൽഒ വിവാഹത്തലേന്ന് ആത്മഹത്യ ചെയ്തു. യുപി ഫത്തേപുരിലാണ് സംഭവം. ക്ലർക്കായ സുധീർ കുമാർ (25 ) ആണ് ചൊവ്വാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട തിരക്കായതിനാൽ ഞായറാഴ്ച എസ്ഐആർ യോഗത്തിൽ പങ്കെടുക്കാനായില്ല. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥൻ സുധീർകുമാറിനോട് സസ്പെൻഷൻ വിവരം അറിയിച്ചു. ഇതിൽ മനംനൊന്താണ് ആത്മഹത്യചെയ്തതെന്ന് സുധീർകുമാറിന്റെ സഹോദരി പറഞ്ഞു.
ജോലി സമ്മർദം താങ്ങാനാവാതെ ചൊവ്വാഴ്ച രാവിലെ യുപിയിലെ ഗോണ്ടയിൽ ബിഎൽഒ ആയ അധ്യാപകനും ആത്മഹത്യചെയ്തിരുന്നു.
ഗോണ്ട സ്വദേശി വിപിൻ യാദവാണ് ജീവനൊടുക്കിയത്. വിഷം കഴിച്ച് അവശനിലയിലായ വിപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. എസ്ഐആർ നടപടികളിൽ വിപിൻ കടുത്ത സമ്മർദം നേരിട്ടിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. താരബ്ഗഞ്ച് എസ്ഡിഎം, നവാബ്ഗഞ്ച് ബിഡിഒ എന്നിവരിൽ നിന്ന് സമ്മർദം ഉണ്ടായിരുന്നതായി വിപിൻ വെളിപ്പെടുത്തുന്ന വീഡിയോ ഭാര്യ സീമാ യാദവ് റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബിഎൽഒയുടെ ആരോപണം ജില്ലാ ഭരണകൂടം നിഷേധിച്ചു.
എസ്ഐആർ നടപടികൾ ആരംഭിച്ചശേഷം കേരളത്തിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഎൽഒമാരുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.








0 comments