സ്വർഗം താണിറങ്ങി വന്നതോ

ഫോട്ടോ: നിലിയ വേണുഗോപാൽ
നിലിയ വേണുഗോപാൽ
Published on Jul 05, 2026, 04:08 PM | 4 min read
അടിത്തട്ടിലെ കാഴ്‌ചകളാൽ വിരുന്നൂട്ടുന്ന നീലക്കടൽ, പഞ്ചസാര മണൽ തീരങ്ങൾ, വാട്ടർ വില്ലകൾ, പാറക്കൂട്ടങ്ങൾ... പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുടെ പറുദീസയാണ് മാലദ്വീപ്. അറബികടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ സംഗമമായ ഇവിടേക്കുള്ള യാത്ര അതുകൊണ്ടുതന്നെ അത്രമേൽ മനോഹരമായിരുന്നു. കടലിന്റെ മനോഹരകാഴ്‌ചകൾ സമ്മാനിക്കുന്ന താമസ ഇടങ്ങളാണ് ദ്വീപുകളിലെല്ലാം. നോർക്കലിങ് സഫാരിയും ഡോൾഫിൻ ക്രൂയിസും ദ്വീപിലെ ഗ്രാമക്കാഴ്ചകളിലൂടെയുള്ള നടത്തവുമെല്ലാം ഒരിക്കലെങ്കിലും അനുഭവിക്കേണ്ടവയാണ്. സ്‌കൂബ ഡൈവിങിന് പ്രശസ്തമായ മാലെ അറ്റോളും പച്ച നിറമുള്ള ജെല്ലിഫിഷിനോട് സാമ്യമുള്ള ഉതീമു ഗണ്ടുവരു ദ്വീപും വാട്ടർ വില്ലകൾ നിറഞ്ഞ എംബൂധു ഫിനോലു ദ്വീപുമെല്ലാം സമ്മാനിക്കുക നിറമുള്ള കാഴ്‌ചകൾ മാത്രം.
സ്വപ്നം കൺമുന്നിൽ
മാൽദ്വീവിയൻ എയർലൈൻസിന്റെ വിമാനം ആകാശം തൊട്ടപ്പോൾ മനസ് നിറയെ മാലദ്വീപിനെ കുറിച്ചുള്ള മനോഹര സ്വപ്നങ്ങൾ ആയിരുന്നു. മെമു അറ്റോളിൽ (Meemu Atoll) സ്ഥിതി ചെയ്യുന്ന മെധുഫുഷി പ്രൈവറ്റ് ഐലൻഡ് (Medhufushi Private Island) റിസോർട്ടിലായിരുന്നു എന്റെ താമസം. പ്രകൃതിയും ആഡംബരവും കൈകോർക്കുന്ന ഈ ദ്വീപിന് ഒരു കിലോമീറ്റർ നീളവും 200 മീറ്റർ വീതിയും മാത്രമാണ് ഉള്ളത്. തിരുവനന്തപുരത്ത് നിന്ന് പറന്ന ഞങ്ങളുടെ ഏഴംഗ സംഘം മാലെ വിമാനത്താവളത്തിലാണ് പറന്നിറങ്ങിയത്. അവിടെ നിന്ന് മറ്റൊരു ചെറുവിമാനത്തിൽ മെമു അറ്റോളിലെ മൂലി എയർപോർട്ടിൽ എത്തി. ഒരുവർഷം ആയതേയുള്ളൂ ഇൗ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട്. യാതൊരു തിരക്കുമില്ലാത്ത ഒരിടം. ഒറ്റപ്പെട്ട പ്രദേശത്ത് ഞങ്ങളെ മാത്രം കാത്തുനിൽക്കുന്ന വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥർ മാത്രം. ചിന്തയിൽ പോലും ഇല്ലാതിരുന്ന ഒരനുഭവമായിരുന്നു അത്.

വിമാനത്താവളത്തിന് വെളിയിൽ മൂന്ന് കാറുകൾ ഞങ്ങളെ കാത്തു കിടപ്പുണ്ടായിരുന്നു. വിജനമായ റോഡിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. നടപ്പാത പോലെ തോന്നുന്ന കോൺക്രീറ്റ് പാതകളാണ് ഇവിടെ. അഞ്ച് മിനിറ്റു കൊണ്ട് ജെട്ടിയിലെത്തി. അവിടെ റിസോട്ടിലേക്ക് ഞങ്ങളെ എത്തിക്കുന്നതിനായി റിസോട്ടുകാർ സജ്ജീകരിച്ച ഒരു ഫെറിയുണ്ടായിരുന്നു. ചന്ദ്രനിൽ ചെന്നാലും ഒരു മലയാളി ഉണ്ടാകും എന്ന് പറയാറില്ലേ. അതുപോലെ ഞങ്ങളെ കൂട്ടാനായി വന്ന സംഘത്തിലുമുണ്ടായിരുന്നു ഒരു മലയാളി. ആലപ്പുഴക്കാരി സ്വാതി. മാലദ്വീപിന്റെ തനതായ വസ്ത്രത്തിലായിരുന്നു സ്വാതി. എങ്കിലും മുഖത്ത് ഒരു മലയാളി ടച്ച് തോന്നി. ഒട്ടും മടിക്കാതെ മലയാളിയാണോ എന്ന് ചോദിച്ചു. അതേ എന്ന് ഉത്തരവും വന്നു. സ്വാതി ഉൾപ്പെടെ ആറോളം മലയാളികൾ ഈ റിസോട്ടിൽ ജോലി ചെയ്യുന്നുണ്ട്.

റിസോട്ടിൽ എത്തിയപ്പോൾ രാത്രിയായിരുന്നു. കടലിൽ തൂണുകൾ നാട്ടി അതിനുമുകളിലാണ് നടപ്പാത. ഇതിലൂടെ റിസോട്ടിലേക്ക് കടക്കുമ്പോൾ കുറച്ചുപേർ ആ ചെറിയ പാതയിൽ കൂടി നിൽകുന്നത് കണ്ടു. കടലിലെ മത്സ്യങ്ങൾക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു അവർ. ചെറുമീനുകൾ ആയിരിക്കുമെന്ന് കരുതി നോക്കിയപ്പോൾ കണ്ടത് കുഞ്ഞുസ്രാവുകളുടെ വലിയൊരു കൂട്ടത്തെ. റിസോട്ടിലെ ആദ്യത്തെ കാഴ്‌ചാനുഭവം തന്നെ അങ്ങനെ അതിശയിപ്പിക്കുന്നതായി. റിസോട്ടിലെത്തിയതും ഇവിടുത്തെ പൊതുവായ നിയമങ്ങൾ ചുമതലയുള്ള ആൾ പറഞ്ഞു തന്നു. രാവിലെ ഏഴു മുതൽ ഒൻപത് വരെയാണ് പ്രഭാത ഭക്ഷണം. പകൽ 12ന് ആരംഭിക്കുന്ന ഉച്ചഭക്ഷണ സമയം രണ്ടു വരെ നീളും. രാത്രി ഏഴു മുതൽ 9.30 വരെയാണ് അത്താഴം. ഈ സമയത്ത് കൃത്യമായി എത്തണം. മുസ്ലീം രാജ്യമായതിനാൽ പുരുഷൻമാർ ടാങ്ക് ടോപ്പുകൾ ധരിക്കരുത്. രാത്രി ഏഴിന് ശേഷം സ്വിമ്മിങ് പൂൾ ഉപയോഗിക്കരുത് തുടങ്ങിയവയായിരുന്നു അത്.
താമസിച്ചത് ബീച്ച് വില്ലയിലാണ്. ഇവിടുത്തെ വാട്ടർ വില്ലകൾ എടുത്തു പറയേണ്ടതാണ്. വില്ലയുടെ വരാന്തയിൽ നിന്നാൽ മുന്നിൽ വിശാലമായ നീലക്കടലാണ്. ഒരു ചായയുമായി കടൽ കാണാം എന്ന് കരുതി മുറ്റത്തേക്കിറങ്ങിയപ്പോൾ മനോഹരമായ ശംഖുകളും കക്കകളും കുഞ്ഞു ഞണ്ടുകളും. അവ നോക്കിനിന്നാൽ സമയം പോകുന്നത് അറിയില്ല. കടൽതുരത്ത് നിന്നാൽ സ്രാവിൻകഞ്ഞുങ്ങൾ നീന്തി നമ്മുടെ അടുത്തേക്ക് വരും. കടലിന്റെ അടിത്തട്ട് നേരിട്ട് കണ്ടാസ്വദിക്കാവുന്ന സ്നോർക്കലിങും ഡൈവിങുമെല്ലാം ഇവിടത്തെ പ്രധാന ടൂറിസം വിനോദങ്ങളാണ്. വർണ്ണാഭമായ പവിഴപ്പുറ്റുകളും ചുറ്റും നീന്തിത്തുടിക്കുന്ന ചെറിയ മത്സ്യങ്ങളുമെല്ലാം മറ്റെല്ലാ ചിന്തകളും മനസിൽ നിന്ന് മായ്‌ക്കാൻ പോന്നവയാണ്.
വിനോദം പരിസ്ഥിതിക്കൊപ്പം
ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും നിന്നെത്തിയ മത്സ്യബന്ധന സമൂഹങ്ങളായിരുന്നു ആദ്യകാലങ്ങളിലെ മാലദ്വീപിലെ താമസക്കാർ. പിന്നീട് അറബ് വ്യാപാരികളുടെ വരവോടെ ഈ ദ്വീപുകൾ വ്യാപാരകേന്ദ്രങ്ങളായി വളർന്നു. 12- ആം നൂറ്റാണ്ടിൽ ഇസ്ലാം മതം ഇവിടെ പ്രചരിക്കുകയും രാജ്യം ഔദ്യോഗികമായി മുസ്ലിം രാഷ്ട്രമാകുകയും ചെയ്തു. കടലുമായി ചേർന്ന ജീവിതരീതിയാണ് മാലദ്വീപുകാരുടെ സംസ്കാരത്തെയും ആചാരങ്ങളെയും രൂപപ്പെടുത്തിയത്. കാലക്രമേണ പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ശക്തികൾ മാലദ്വീപിൽ സ്വാധീനം ചെലുത്തി.
കാലാവസ്ഥാ വ്യതിയാനമാണ് ഇന്ന് മാലദ്വീപ് നേരിടുന്ന പ്രധാന വെല്ലുവിളി. സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നത് ദ്വീപുകളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന ആശങ്കയുള്ളതിനാൽ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര ടൂറിസത്തിനും ഈ രാജ്യം കൂടുതൽ പ്രാധാന്യം നൽകുന്നു. അതിന്റെ ഭാഗമായി മാലിദ്വീപ് സർക്കാർ നടപ്പിലാക്കിയ പ്രധാന നടപടികളിൽ ഒന്നാണ് ‘ഗ്രീൻ ടാക്സ്’. 2016 നവംബർ മുതൽ പ്രാബല്യത്തിൽ വന്ന ഈ നികുതി, രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളിൽ നിന്ന് ഈടാക്കുന്ന പരിസ്ഥിതി സംരക്ഷണ ഫീസാണ്.

റിസോർട്ടുകൾ, ഹോട്ടലുകൾ, അതിഥി മന്ദിരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന വിദേശ സഞ്ചാരികളിൽ നിന്നാണ് ഈ തുക ശേഖരിക്കുന്നത്. വിനോദസഞ്ചാര വ്യവസായം മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുകയും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനാവശ്യമായ പദ്ധതികൾക്ക് ധനസഹായം ഉറപ്പാക്കുകയുമാണ് ഗ്രീൻ ടാക്സിന്റെ പ്രധാന ലക്ഷ്യം. തുടക്കത്തിൽ ചെറിയ തുകയായിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി വർധിപ്പിച്ചു. 12 ഡോളറാണ് ഇന്ന് ഒരു സഞ്ചാരിയിൽ നിന്ന് ഇൗടാക്കുന്ന ഗ്രീൻ ടാക്സ്. ഈ തുക സാധാരണയായി ഹോട്ടൽ ബില്ലിനോടൊപ്പം ചേർക്കപ്പെടുന്നതിനാൽ യാത്രക്കാരൻ പ്രത്യേകം അടയ്ക്കേണ്ട സാഹചര്യമില്ല. ചെറിയ ദ്വീപ് രാഷ്ട്രമെങ്കിലും പ്രകൃതി സംരക്ഷണത്തിനായുള്ള മാലദ്വീപിന്റെ മാതൃക പ്രചോദനകരമാണ്.
മലയാളികളുടെ ബക്കറ്റ് ലിസ്റ്റ്
ഇന്ത്യയിൽ നിന്നും നിരവധിയാളുകളാണ് മാലദ്വീപിൽ എത്തുന്നത്. കേരളത്തിൽ നിന്ന് വളരെ അടുത്തായതിനാൽ മലയാളികൾക്കും മാലദ്വീപ് പ്രിയപ്പെട്ട വിവോദസഞ്ചാരകേന്ദ്രമാണ്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ യാത്രയെ കൂടുതൽ എളുപ്പമാക്കുന്നു. ഇന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ അഞ്ച് സർവീസുകൾ നടത്തുന്നുണ്ട്. മാലെ –തിരുവനന്തപുരം, മാലെ – കൊച്ചി റൂട്ടുകൾ വിനോദസഞ്ചാരത്തിനും മെഡിക്കൽ യാത്രകൾക്കും വലിയ സഹായമാണ്.

മാലദ്വീപിന്റെ സ്വന്തം എയർലൈനായ മാൽദ്വീവിയൻ 2008 മുതലാണ് ഇന്ത്യയിലേക്കുള്ള ആദ്യ സർവീസായ മാലെ – തിരുവനന്തപുരം സർവീസ് ആരംഭിക്കുന്നത്. ശേഷം, ചെന്നൈ, മുംബൈ, കൊച്ചി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കും സർവീസുകൾ വ്യാപിപ്പിച്ചു. 2025-ൽ മാത്രം ഇന്ത്യയിൽ നിന്ന് ഏകദേശം 1,89,929 വിനോദസഞ്ചാരികൾ മാലദ്വീപിലെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലത്തെ ഇടിവിന് ശേഷം ഇന്ത്യൻ വിനോദസഞ്ചാരികളുടെ വരവ് വീണ്ടും ഉയരുന്നത് മാലദ്വീപ് ടൂറിസത്തിന് വലിയ കരുത്തായി മാറിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ സർവീസുകളും പുതിയ വിമാനങ്ങളും ഉൾപ്പെടുത്തി ഇന്ത്യ–മാലിദ്വീപ് ബന്ധം വിപുലീകരിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനും, വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി Aഎ 330 വൈഡ്‌ബോഡി വിമാനവും എടിആർ വിമാനങ്ങളും ഉൾപ്പെടുത്താനും മാലദ്വീപിന് പദ്ധതി ഉണ്ട്. ഇതിലൂടെ കൂടുതൽ സഞ്ചാരികളെ എത്തിക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
നമുക്കുമുണ്ട് ലക്ഷം സാധ്യതകൾ
പ്രകൃതിസൗന്ദര്യത്തിൽ മാലദ്വീപും ഇന്ത്യയുടെ ലക്ഷദ്വീപും ഒരുപോലെയാണെങ്കിലും വിനോദസഞ്ചാര വികസനത്തിൽ മാലദ്വീപ് ലോകോത്തര നിലവാരത്തിലെത്തി. വിനോദസഞ്ചാര മേഖലയെ രാജ്യത്തിന്റെ പ്രധാന സാമ്പത്തിക അടിത്തറയായി വികസിപ്പിക്കുന്നതിൽ മാലദ്വീപ് വിജയിച്ചു. സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര റിസോർട്ടുകൾക്ക് അവസരം നൽകുകയും ചെയ്തു. ഓരോ ദ്വീപിനെയും പ്രത്യേക റിസോർട്ടുകളാക്കി മാറ്റിയ മാലദ്വീപ് ലോകസഞ്ചാരികളുടെ സ്വപ്നകേന്ദ്രമായി മാറി.
ഉയർന്ന നിലവാരമുള്ള റിസോർട്ടുകൾ, വാട്ടർ വില്ലകൾ, സീപ്ലെയിൻ സർവീസുകൾ, അന്താരാഷ്ട്ര വിമാന ബന്ധങ്ങൾ എന്നിവ മാലിദ്വീപിനെ ആഡംബര വിനോദസഞ്ചാരത്തിന്റെ പ്രതീകമാക്കി. രാജ്യത്തിന്റെ ജിഡിപി-യുടെ വലിയൊരു ശതമാനം ടൂറിസത്തിൽ നിന്നാണ് ലഭിക്കുന്നത്. അതേസമയം ലക്ഷദ്വീപിൽ ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഇന്ത്യ ഏറെ പുറകിലാണ്. യാത്രാ നിയന്ത്രണങ്ങൾ, പരിമിത വിമാന, -കപ്പൽ സർവീസുകൾ, സ്വകാര്യ നിക്ഷേപങ്ങൾക്ക് തടസ്സങ്ങൾ, വിനോദസഞ്ചാര നയത്തിലെ അനിശ്ചിതത്വം എന്നിവ വളർച്ചയെ ബാധിക്കുന്ന പ്രധാനഘടകങ്ങളാണ്.
ഇവിടുത്ത നിരവധി മനോഹര ദ്വീപുകൾ ഇന്നും വിനോദസഞ്ചാരത്തിനായി പൂർണമായി ഉപയോഗിക്കപ്പെടുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ആവശ്യമായിരുന്നുവെങ്കിലും, അതിനൊപ്പം സുസ്ഥിര വിനോദസഞ്ചാര മാതൃക വികസിപ്പിക്കാനുള്ള ദീർഘദർശനം കേന്ദ്ര സർക്കാരിനില്ല. നാട്ടുകാരുടെ പങ്കാളിത്തം ഉറപ്പാക്കിയും പരിസ്ഥിതിയെ സംരക്ഷിച്ചും വികസനം സാധ്യമാക്കാവുന്നതാണ്. മാലദ്വീപ് അതിന് ഉത്തമ ഉദാഹരണമാണ്. ലക്ഷദ്വീപിനെ പരിസ്ഥിതി സൗഹൃദവും ലോകോത്തര നിലവാരമുള്ളതുമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള അവസരം ഇന്ത്യക്ക് മുന്നിലുണ്ട്.











0 comments