സഞ്ചാരികളേ.. കേരളം വിളിക്കുന്നു, ശുചിത്വ സുന്ദര ലോകത്തേക്ക്

kerala tourism
avatar
കൃഷ്ണപ്രിയ സി വി

Published on Nov 06, 2025, 01:35 PM | 3 min read

തിരുവനന്തപുരം: കേരളം, ലോക സഞ്ചാരികളുടെ പറുദീസ. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിപ്പേരുള്ള നമ്മുടെ കൊച്ചു സംസ്ഥാനം ലോക ടൂറിസം ഭൂപടത്തിൽ നാൾക്കുനാൾ അടയാളപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു യാത്രപോകാൻ തയ്യാറെടുക്കുമ്പോൾ ആ നാടിന്റെ സൗന്ദര്യത്തിനൊപ്പം തന്നെ പ്രധാന്യമർഹിക്കുന്നതാണ് ആ നാടിന്റെ വൃത്തിയും. അക്കാര്യത്തിൽ നമ്മുടെ നാട് ബഹുദൂരം മുന്നിലാണ്.


കേരള ടൂറിസത്തിന്‌ നവോത്മേഷം നല്‍കിക്കൊണ്ടാണ് ഇക്കൊല്ലത്തെ സ്വച്ഛ് സർവേക്ഷൺ 2025 റാങ്കിങ്ങ് പുറത്തുവന്നത്. കേരളത്തിലെ അഞ്ചു പ്രധാന നഗരങ്ങളാണ് ആദ്യ നൂറില്‍ ഇടംപിടിച്ചത്. കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം എന്നിവയാണവ. 3 ലക്ഷം മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങൾ എന്ന വിഭാഗത്തിലെ ദേശീയ 'ടോപ്പ് 100' പട്ടികയിലാണ് ഈ നഗരങ്ങൾ ഉള്‍പ്പെട്ടത്. വൃത്തിയുള്ള ഇടങ്ങളിലെ ടൂറിസം സാധ്യത ലക്ഷ്യമിട്ടാൽ കേരളം ലോക സഞ്ചാരികൾക്ക് മുന്നിൽ കൂടുതൽ ആകർഷകമായ ലക്ഷ്യസ്ഥാനമായി മാറുകയാണ്.


തമിഴ്‌നാട്ടിലെ മധുരയാണ് ഏറ്റവും വൃത്തി കുറഞ്ഞ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്. മോശം മാലിന്യ നിർമാർജന രീതികളാണ് മധുരയെ പിന്നടോട്ടടിച്ചത്. ദക്ഷിണേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മധുര ഉൾപ്പടെ രാജ്യത്തെ പല പ്രധാന ന​ഗരങ്ങളും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു. ഇവിടെയാണ് കേരളം ലോകത്തിന് മാത്യകയാവുന്നത്. വൃത്തി പട്ടികയിൽ കേരളത്തെ അടയാളപ്പെടുത്തിയത് സംസ്ഥാന സർക്കാരിന്റെ കൃത്യതയാർന്ന ഇടപെടലുകളാണ്.


കൊച്ചിയും ശുചിത്വവും ഒരുപിടി ടൂറിസം സാധ്യതകളും..


കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി, 50-ാം റാങ്കോടെയാണ് തിളങ്ങിയത്. യാത്രാ കേന്ദ്രം, ടൂറിസം ഡെസ്റ്റിനേഷൻ എന്നീ നിലകളിൽ കൊച്ചിക്ക് ലഭിക്കുന്ന പ്രാധാന്യം വളരെ വലുതാണ്. വിദേശ ടൂറിസ്റ്റുകൾ കേരളത്തിലേക്ക് എത്തുന്ന പ്രധാന കവാടമാണ് കൊച്ചി വിമാനത്താവളവും തുറമുഖവും. നഗരത്തിലെ ശുചിത്വം വർധിക്കുമ്പോൾ, വിദേശ സഞ്ചാരികളുടെ ഒഴുക്ക് ക്രമാതീതമായി വർധിക്കുക തന്നെ ചെയ്യും.


കോർപറേഷനും സംസ്ഥാന സർക്കാരും കൈകോർത്താണ്‌ മഹാനഗരത്തിന്റെ മുഖച്ഛായ മാറ്റിയത്‌. രാജ്യത്തിന്‌ മാതൃകയാകുന്ന മാലിന്യസംസ്‌കരണ പദ്ധതിയാണ് ബ്രഹ്മപുരത്ത് നടപ്പിലാക്കിയത്. വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിനും കാർഷികമേഖലയ്‌ക്കും മാതൃകയായ ഹീൽ പൊന്നുരുന്നി, സെപ്റ്റേജ് ശേഖരണവും മറ്റു മാലിന്യസംസ്കരണ സംവിധാനങ്ങളും കാര്യക്ഷമമാക്കാനുള്ള ‘മൈ കൊച്ചി’ ആപ് എന്നിവയും കൊച്ചിയുടെ ശുചിത്വത്തിലേക്കുള്ള മുന്നേറ്റത്തെ തുണച്ച ഘടകങ്ങളാണ്.


മട്ടന്നൂർ വാതിൽ തുറക്കുമ്പോൾ..


സ്വച്ഛ് സർവേക്ഷൺ 2025 റാങ്കിംങ് പ്രകാരം 20,000 മുതൽ 50,000 വരെ ജനസംഖ്യയുള്ള ചെറിയ നഗരങ്ങളുടെ വിഭാഗത്തിൽ കണ്ണൂരിലെ മട്ടന്നൂർ 53-ാം റാങ്കും സംസ്ഥാന റാങ്കിംങിൽ ഒന്നാമതുമെത്തി. കണ്ണൂർ എയർപോർട്ടിനടുത്ത് സ്ഥിതി ചെയ്യുന്ന മട്ടന്നൂർ, കർണാടകയിലെ കൂർഗിലേക്കും മൈസൂരിലേക്കും പോകുന്ന സഞ്ചാരികൾക്ക് ഒരു പ്രധാന കവാടമാണ്. ഇവിടത്തെ ഈ ഉയർന്ന ശുചിത്വ റാങ്കിംഗ്, യാത്രാ ഇടവേളകൾക്ക് ഇവിടം അനുയോജ്യമാണെന്ന് ഉറപ്പുനൽകുന്നു.


മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിൽ ഹരിതകർമസേന നടത്തിയ മികച്ച പ്രകടനത്തിന് മട്ടന്നൂരിന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം 'പ്രോമിസിങ് സ്വച്ഛ് ഷെഹർ ഓഫ് സ്റ്റേറ്റ്/യുടി' എന്ന പ്രത്യേക ബഹുമതിയും ലഭിച്ചിട്ടുണ്ട്. ബയോമൈനിങ്ങിലൂടെ ട്രഞ്ചിങ് ഗ്രൗണ്ടിലെ ഭൂമി വീണ്ടെടുത്തതും മാലിന്യ സംസ്കരണകേന്ദ്രത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചതും ജനകീയ സഹകരണത്തോടെ സ്ഥാപിച്ച സ്നേഹാരാമങ്ങളും മട്ടന്നൂരിനെ ശുചിത്വ റാങ്കിംഗിലേക്ക് നയിച്ച ഘടകങ്ങളാണ്.


തൃശ്ശൂരിന്റെ നിറകാഴ്ചകൾ..


വിദേശികളും സ്വദേശികളുമായി നിരവധി പേർ സന്ദർശിക്കുന്ന ജില്ലകളിലൊന്നാണ് തൃശ്ശൂർ. പൂരങ്ങളുടെ നാടായ തൃശൂരിന്റെ ഓരോ കാഴ്ചയ്ക്കും ഓരോ നിറമാണ്. വാദ്യമേളങ്ങളും വർണവിസ്മയങ്ങളുമെല്ലാമടങ്ങുന്ന തൃശൂർ പൂരം, അതിരപ്പിള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം തുടങ്ങി പുലിക്കളിയും കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. ഇങ്ങനെ എത്തുന്ന സഞ്ചാരികൾക്ക് ശുചിത്വ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സംസ്ഥാന സർക്കാർ കൈക്കൊണ്ടതിന്റെ ഫലം ടൂറിസം രം​ഗത്ത് പ്രകടമാണ്. അത്തരത്തിലാണ് തൃശ്ശൂരിന് 58-ാം റാങ്കിൽ നിലയുറപ്പിക്കാൻ സാധിച്ചത്.


ഖൽബിലെ കോഴിക്കോട്..


കോഴിക്കോട് നഗരത്തിലേക്ക് എത്തുന്ന ഓരോ സഞ്ചാരിയെയും കാത്ത് നിരവധി കാഴ്ചകളാണ് നഗരത്തിൽ തന്നെയുള്ളത്. മാനാഞ്ചിറ, മിഠായിത്തെരുവ്, സരോവരം ബയോപാർക്ക്, വലിയങ്ങാടി മാർക്കറ്റ്, തളി ക്ഷേത്രം, പ്ലാനറ്റോറിയം തുടങ്ങി നഗരത്തിൽ തന്നെ നിരവധി കാഴ്ചകളാണ് ഉള്ളത്. വൈകുന്നേരങ്ങളിൽ കഥ പറഞ്ഞിരിക്കാൻ നാട്ടുകാർ എത്തുന്ന മാനാഞ്ചിറ മൈതാനം കോഴിക്കോടിന്റെ ഹൃദയം തന്നെയാണ്.ചരിത്ര പ്രധാനമായ സ്ഥലങ്ങൾ മുതൽ മനോഹരമായ കടൽത്തീരങ്ങൾ വരെയും മാത്രമല്ല രുചികരമായ ഭക്ഷണവും ഇവിടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ബീച്ചിലെ സായാഹ്നത്തെ സജീവമാക്കുന്നത് കോഴിക്കോടിന്റെ രുചിവൈവിധ്യങ്ങളാണ്. കോർപറേഷൻ ഒരുക്കിയ വെൻഡിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് പദ്ധതിയിലേക്ക് കൂടുതൽ ജനങ്ങളിലെത്തുന്നു. ഇവിടൊക്കെ തന്നെയും ശുചിത്വ കാര്യത്തിൽ സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഫലമാണ് കോഴിക്കോട് 70-ാം സ്ഥാനത്തെത്താൻ കാരണം.


സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവും (89-ാം റാങ്ക്) കൊല്ലവും (93-ാം റാങ്ക്) ആദ്യ നൂറിൽ സ്ഥാനം നിലനിർത്തി. വൃത്തിയുള്ള പൊതു ഇടങ്ങൾ ഈ നഗരങ്ങളിലെ ടൂറിസം സാധ്യത കൂട്ടും എന്നതിൽ സംശയമില്ല. അത്തരത്തിൽ നമ്മുടെ നാട് വളരുകയാണ്, പ്രിയപ്പെട്ട സഞ്ചാരികളേ.. കേരളം നിങ്ങളെ കാത്തിരിക്കുന്നു. സുന്ദരമായ കാഴ്ചകൾക്കൊപ്പം ഈ നാടിന്റെ ശുചിത്വ സംസ്കാരം കൂടി അറിഞ്ഞ് മടങ്ങാൻ.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home