കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ നേരിടാൻ വിനോദ സഞ്ചാരികൾക്ക് മേൽ പ്രത്യേക നികുതിയുമായി ഹവായി

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ നേരിടാൻ ക്രൂയിസ് കപ്പൽ യാത്രക്കാരെ ടൂറിസ്റ്റ് നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തി ഹവായ് സർക്കാർ. ഇതിനുള്ള സർക്കാരിന്റെ നീക്കത്തിന് ഫെഡറൽ കോടതിയുടെ പച്ചക്കൊടി ലഭിച്ചു. ക്രൂയിസ് കപ്പലുകളിൽ നികുതി ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി.
രാജ്യത്ത് തന്നെ ആദ്യമായാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പ്രത്യേകമായി ഇത്തരമൊരു നികുതി ഏർപ്പെടുത്തുന്നത്. ഹവായി ഗവർണർ ജോഷ് ഗ്രീൻ മേയ് മാസത്തിൽ ഒപ്പുവച്ച നിയമ പ്രകാരം ഹോട്ടലുകളും താമസ ഇടങ്ങളും, ക്രൂയിസ് കപ്പൽ യാത്രക്കാരും എല്ലാം ഇതിന് കീഴിൽ വരും. മൊത്തം നിരക്കിന്റെ 11 ശതമാനം നികുതി ചുമത്തും.
2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നികുതി, കപ്പലുകൾ ഹവായി തുറമുഖങ്ങളിൽ ചെലവഴിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന് അനുപാതികമായി ഈടാക്കും. ഈ നികുതിയിലൂടെ വർഷംതോറും ഏകദേശം 100 മില്യൺ ഡോളർ വരുമാനം പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. കടൽതീരങ്ങളുടെ ക്ഷയം, കാട്ടുതീ, മറ്റ് കാലാവസ്ഥാ വെല്ലുവിളികൾ എന്നിവ നേരിടാൻ ഈ തുക വിനിയോഗിക്കും.
ഹവായി തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിനുള്ള അവകാശത്തിനാണ് നികുതി ചുമത്തുന്നതെന്നും ഇത് ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്നും ക്രൂയിസ് ലൈൻസ് ഇന്റർനാഷണൽ അസോസിയേഷൻ (CLIA) ഉൾപ്പെടെയുള്ള ഹർജിക്കാർ ആരോപിച്ചു. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ചു. കൗണ്ടികൾക്ക് അധികമായി 3 ശതമാനം സർചാർജ് ഈടാക്കാൻ അനുമതി നിലവിലുണ്ട്. ഇതോടെ മൊത്തം നികുതി 14 ശതമാനം വരെ ഉയരുമെന്നും പറയുന്നു.
ക്രൂയിസ് ടൂറിസം ഹവായിയിൽ ഏകദേശം ഒരു ബില്യൺ ഡോളറിന്റെ സാമ്പത്തിക സ്വാധീനം സൃഷ്ടിക്കുകയും ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ നൽകുകയും ചെയ്യുന്നു.
അമേരിക്ക ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഈ നികുതി ഫെഡറൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും “ഹവായിക്ക് മാത്രം പ്രയോജനം ചെയ്യുന്ന വിധത്തിൽ അമേരിക്കൻ പൗരന്മാരെയും സ്ഥാപനങ്ങളെയും ചൂഷണം ചെയ്യാനുള്ള പദ്ധതിയാണെന്നും അവർ ആരോപിച്ചു.











0 comments