ആളുകളെ മാറ്റിപ്പാർപ്പിച്ചു
രജൗരിയിൽ മിന്നൽപ്രളയം: ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിൽ, നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ മിന്നൽപ്രളയം. ഞായറാഴ്ച പുലർച്ചെയാണ് രജൗരി പട്ടണത്തിന്റെ ചില ഭാഗങ്ങളിൽ മിന്നൽപ്രളയമുണ്ടായത്. തുടർച്ചയായി കനത്ത മഴ പെയ്തതോടെ നദികൾ കരകവിഞ്ഞു. ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് താമസക്കാരെ ഒഴിപ്പിച്ചു. യുവതിയെ ഒഴിക്കിൽപ്പെട്ട് കാണാതായതായും വിവരമുണ്ട്.
ദർഹാലി, ഖണ്ഡ്‌ലി, സുക്തോ, ജമോല നദികൾ കരകവിഞ്ഞു. നിരവധി വാഹനങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോയി. അബ്ദുള്ള പാലത്തിന് സമീപമുള്ള ചേരിപ്രദേശം, താരിഖ് പാലത്തിന് സമീപമുള്ള സ്ഥലങ്ങൾ, ബേല കോളനി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വീടുകൾക്കും പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചു.
അബ്ദുള്ള പാലത്തിന് സമീപം മാത്രം അമ്പതിലധികം കുടുംബങ്ങളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. നൂറുകണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് മാറിതാമസിക്കാൻ അധികൃതർ നിർദ്ദേശിച്ചു. സഹായത്തിനായി കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.
ജൂലൈ 23 വരെ ജമ്മു കശ്മീരിലുടനീളം മിതമായതോ കനത്തതോ ആയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. രജൗരിയിൽ പുലർച്ചെയുണ്ടായ മഴയിൽ കനത്ത നാശനഷ്ടമുണ്ടായി. ഇതിന്റെ വ്യാപിതിയെത്രയെന്ന് ഉദ്യോഗസ്ഥർ കണക്കെടുത്തുവരികയാണ്. പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ രക്ഷാപ്രവർത്തന-ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു.











0 comments