യുക്രെയ്ൻ പ്രതിരോധം തകർത്ത് റഷ്യ; കീവിൽ മിസൈൽ ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു

റഷ്യ യുക്രെയ്നിൽ നടത്തിയ ആക്രമണം | Photo: Reuters
മോസ്കോ : യുക്രെയ്ൻ്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങൾക്ക് മറുപടി നൽകി യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ വ്യക്തമാക്കി. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ ബാലിസ്റ്റിക് ആക്രമണങ്ങളിൽ ഒന്നാണിതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വെളിപ്പെടുത്തി.
റഷ്യയുടെ അത്യാധുനിക ഇസ്കന്ദർ, ഹൈപ്പർസോണിക് സിർകോൺ മിസൈലുകളും 125 ഡ്രോണുകളും ഉൾപ്പെടുന്ന വൻ സന്നാഹമാണ് കീവിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യൻ സൈന്യം പ്രയോഗിച്ചത്. യുക്രെയ്ൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർത്തുകൊണ്ടായിരുന്നു റഷ്യൻ നീക്കം. ആക്രമണത്തിൽ കീവിലെ തന്ത്രപ്രധാനമായ സിവിലിയൻ-വാണിജ്യ കെട്ടിടങ്ങൾക്കും രണ്ട് പ്രധാന വെയർഹൗസുകൾക്കും കനത്ത നാശനഷ്ടം സംഭവിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 1450 ഡ്രോണുകളും 1640 ഗൈഡഡ് ബോംബുകളും 99 മിസൈലുകളും ഉപയോഗിച്ച് യുക്രെയ്ൻ പ്രതിരോധത്തെ റഷ്യ പൂർണമായി സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയ്‌ലറായ വൈൽഡ് ബെറീസിൻ്റെ രണ്ട് വെയർഹൗസുകൾക്ക് നേരെ യുക്രെയ്ൻ നേരത്തെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ടാംബോവ്, ഇലക്ട്രോസ്റ്റാൽ എന്നിവിടങ്ങളിലെ വെയർഹൗസുകൾ തകർത്ത് 8 റഷ്യൻ പൗരന്മാരുടെ മരണത്തിന് ഇടയാക്കിയ യുക്രെയ്ൻ്റെ പ്രകോപനപരമായ നടപടിക്കുള്ള ശക്തമായ തിരിച്ചടിയാണ് റഷ്യ ഇപ്പോൾ നൽകിയിരിക്കുന്നത്.
ഇതോടൊപ്പം റഷ്യയുടെ തെക്ക്-പടിഞ്ഞാറൻ സ്റ്റാവ്രോപോൾ മേഖലയിലെ വ്യവസായ പാർക്കിന് നേരെയും റഷ്യൻ എണ്ണ-വാതക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും യുക്രെയ്ൻ തുടർച്ചയായി ആക്രമണങ്ങൾ നടത്തിവരികയാണ്. റഷ്യയുടെ സാമ്പത്തിക സ്രോതസുകളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുക്രെയ്ൻ ഈ ആക്രമണങ്ങൾ നടത്തുന്നതെങ്കിലും, റഷ്യൻ സൈന്യം ശക്തമായ പ്രതിരോധവും പ്രത്യാക്രമണവുമായി മുന്നോട്ട് പോവുകയാണ്.








0 comments