ad
Deshabhimani

എരിവുകൂടി പിരിയൻ മുളക്‌, കയ്‌പേറി പഞ്ചസാര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Jul 20, 2026, 01:19 AM | 1 min read

കൊല്ലം

പലവ്യഞ്ജനസാധനങ്ങൾക്ക്‌ വിപണിയിൽ വില കുതിക്കുന്നു. പിരിയൻ മുളകിന്റെ വില കേട്ടാൽ എരിപിരികൊള്ളും, പഞ്ചസാരയുടെ വില കേട്ടാൽ കയ്‍ക്കും. കശ്മീരി മുളകിന്‌ മൊത്തവില കിലോയ്‌ക്ക്‌ 700– 750രൂപയാണ്‌. രണ്ടാഴ്‌ച മുന്പ്‌ വരെ 580– 600രൂപയായിരുന്നു. ആന്ധ്ര, മംഗലാപുരം എന്നിവിടങ്ങളിൽനിന്നാണ് കശ്മീരി മുളക്‌ പ്രധാനമായും കൊല്ലം കന്പോളത്തിൽ എത്തുന്നത്‌. ആന്ധ്രയില്‍ കഴിഞ്ഞ സീസണില്‍ ഉൽപ്പാദിപ്പിച്ച മുളകിന്റെ സ്റ്റോക്ക് ഇല്ലാത്തതാണ് വില ഉയരാന്‍ കാരണമെന്ന്‌ വ്യാപാരികൾ പറയുന്നു. കയറ്റുമതി ഉയര്‍ന്നതും വില കൂടാന്‍ കാരണമായി. മഴയിൽ ഉണ്ടായ കൃഷിനാശവും സ്റ്റോക്ക് കുറയാന്‍ കാരണമായിട്ടുണ്ട്‌. സാധാരണ ഒരു സീസണില്‍ 50 ലക്ഷം ചാക്ക് മുതൽ 80 ലക്ഷം ചാക്ക് വരെ സ്റ്റോക്ക് ഉണ്ടാകും. ഇതിലുണ്ടായ കുറവാണ് വിലക്കയറ്റത്തിനു കാരണം. ഏപ്രിൽ ആദ്യം പിച്ചി ഉണക്കിയതാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. ജൂൺ വരെയാണ്‌ ആദ്യഘട്ട സീസൺ. കറിക്ക് സ്വാദും നിറവും ലഭിക്കാൻ കൂടുതൽ പേരും സാധാരണ മുളകിനൊപ്പം കശ്മീരിമുളകും കൂടി ചേർക്കുന്നതിനാൽ വൻ ഡിമാൻഡാണ്‌ ഇതിന്. ആവശ്യക്കാർ ഏറെയുള്ളതിനാലും ഓണം അടുക്കുന്നതിനാലും വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന്‌ കച്ചവടക്കാർ പറയുന്നു. കൂടുതലായി വിറ്റുപോകുന്ന പാണ്ടിമുളകിന് കിലോയ്ക്ക് 20രൂപ വർധിച്ചു. കഴിഞ്ഞ ആഴ്‌ച 260 രൂപയായിരുന്നു പാണ്ടിവില. 47രൂപയുണ്ടായിരുന്ന പഞ്ചസാരയ്‌ക്ക്‌ 49 രൂപയായി. വെളിച്ചെണ്ണയ്‌ക്കും ലിറ്ററിന്‌ 20രൂപ കൂടി 200ആയി. കഴിഞ്ഞ ആഴ്‌ച മൊത്തവില 180ആയിരുന്നു. പയർ, ആന്ധ്ര ജയഅരി എന്നിവയ്‌ക്ക്‌ അഞ്ചുരൂപ വീതമാണ്‌ വർധിച്ചത്‌. വില യഥാക്രമം 140, 43.75രൂപ. ചില്ലറ വിൽപ്പനശാലകളിൽ വില ഇതിലും കൂടും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home