ad
Deshabhimani

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 10 പേർ അറസ്റ്റിൽ

Child Assault Abuse Attack
വെബ് ഡെസ്ക്

Published on Jul 19, 2026, 03:44 PM | 1 min read

ന്യൂഡൽഹി: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ ഓൺലൈനിലൂടെ കൈമാറുകയും ഡൗൺലോഡ് ചെയ്യുകയും സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിൽ പത്ത് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.


അന്താരാഷ്ട്ര സൈബർ ടിപ്‌ലൈൻ സംവിധാനങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ അഞ്ച് ദിവസമായി പൊലീസ് വ്യാപക പരിശോധന നടത്തിയത്. സാങ്കേതിക പരിശോധനയിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ഓൺലൈനിൽ കൈകാര്യം ചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.


ഇലക്ട്രോണിക് നിരീക്ഷണത്തിന്റെയും ഡിജിറ്റൽ പരിശോധനയുടെയും അടിസ്ഥാനത്തിൽ ഡൽഹിയിലെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് സംഘങ്ങൾ ഒരേസമയം റെയ്ഡ് നടത്തി. പോക്സോ നിയമത്തിലെയും വിവരസാങ്കേതികവിദ്യാ നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തി പത്ത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു.


ഐപി എസ്റ്റേറ്റ്, പഹാർഗഞ്ച്, ജാമാ മസ്ജിദ്, കമല മാർക്കറ്റ്, പട്ടേൽ നഗർ, ചാന്ദ്നി മഹൽ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.


ലൈംഗിക ചൂഷണത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് അറസ്റ്റിലായവർക്കെതിരായ ആരോപണം. അന്വേഷണം തുടരുന്നതിനാൽ പ്രതികളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.


പരിശോധനയ്ക്കിടെ മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇവ വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.


പിടിച്ചെടുത്ത ഇലക്ട്രോണിക് തെളിവുകളും മറ്റ് ഡിജിറ്റൽ വിവരങ്ങളും പരിശോധിച്ച് ശൃംഖലയുമായി ബന്ധമുള്ള കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home