ad
Deshabhimani

കെഎസ്‌ആർടിസി സർവീസുകൾ പുനഃസ്ഥാപിച്ചില്ല

സർവീസില്ല, സ‍ൗജന്യവുമില്ല;
യാത്രാദുരിതം തുടർക്കഥ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2026, 02:28 AM | 1 min read

ചിറയിൻകീഴ്

ദിനംപ്രതി നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും വ്യാപാരികളും വിനോദസഞ്ചാരികളും എത്തുന്ന മുതലപ്പൊഴിയിൽ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചതോടെ ഉടലെടുത്ത പ്രതിസന്ധി തുടരുന്നു. മുതലപ്പൊഴി, പെരുമാതുറ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, വക്കം, കടയ്ക്കാവൂർ തീരദേശമേഖലയിലാണ്‌ യാത്രാദുരിതം. മത്സ്യത്തൊഴിലാളികളും വിൽപ്പനക്കാരുമായ സ്ത്രീകളാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. മുതലപ്പൊഴിയിൽനിന്ന് കിഴക്കേകോട്ടയിലേക്കുള്ള ബസുകളെല്ലാം സിറ്റി ഫാസ്റ്റുകളാക്കിയതോടെ സ്ത്രീകൾക്ക്‌ സൗജന്യ യാത്രാ ആനുകൂല്യവും ലഭിക്കുന്നില്ല. ആറ്റിങ്ങൽ, കണിയാപുരം, കിഴക്കേകോട്ട ഡിപ്പോകളിൽനിന്ന്‌ പെരുമാതുറ-–അഴൂർവഴി ചിറയിൻകീഴിലേക്കും തിരിച്ചുമുണ്ടായിരുന്ന പത്തിലധികം സർവീസുകളും നിർത്തലാക്കി. പ്രതിദിന വരുമാനം കുറവാണെന്ന്‌ പറഞ്ഞാണ്‌ ബസുകൾ കൂട്ടത്തോടെ പിൻവലിച്ചത്. മുതലപ്പൊഴിയിൽ സഞ്ചാരികളുടെ ഒഴുക്ക്‌ വൈകുന്നേരങ്ങളിലാണ്‌. എന്നാൽ, രാത്രി ഏഴിന് ശേഷം കെഎസ്ആർടിസി സർവീസില്ല. സ്വകാര്യ വാഹനങ്ങളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. കിഴക്കേകോട്ടയിൽനിന്ന്‌ വേളി– തുമ്പവഴി ചിറയിൻകീഴിൽ അവസാനിക്കുന്ന സർവീസും മെഡിക്കൽ കോളേജിൽനിന്ന് ബൈപാസ്-–കഴക്കൂട്ടം–-പെരുമാതുറ– ചിറയിൻകീഴ്, കഴക്കൂട്ടം-– പെരുമാതുറ– -അഴൂർ-– ചിറയിൻകീഴ് സർവീസുകൾ റദ്ദാക്കിയതിലും നാട്ടുകാർക്ക് പരാതിയുണ്ട്. കണിയാപുരം ഡിപ്പോയിൽനിന്ന് പെരുമാതുറവരെ സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകൾ മുതലപ്പൊഴിവരെ നീട്ടണമെന്ന ആവശ്യവും ശക്തമാണ്. മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും പാർക്കിങ് സൗകര്യവും വിശ്രമകേന്ദ്രവും ഇല്ലാത്തതാണ് തടസ്സമെന്നാണ്‌ അധികൃതരുടെ വാദം. സർവീസുകൾ പുനരാരംഭിച്ച് തീരദേശവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home