ഇടിച്ചിട്ട് നിർത്താതെപോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് വേണം: ഹെെക്കോടതി

കൊച്ചി: റോഡപകടങ്ങളിൽ, ഇടിച്ചിട്ട് നിർത്താതെപോകുന്ന വാഹനങ്ങളെയും ഉത്തരവാദികളെയും കണ്ടെത്താൻ ഓരോ ജില്ലയിലും പ്രത്യേക പൊലീസ് സ്ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി. സ്ക്വാഡുകൾ ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കണമെന്നും സൈബർ പൊലീസിന്റെ സഹായം ഉറപ്പാക്കുന്നതിനൊപ്പം സ്ക്വാഡുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ജസ്റ്റിസ് ജി ഗിരീഷ് ഉത്തരവിട്ടു. വാഹനാപകട കേസുകളിൽ അന്വേഷണവും ഇൻഷുറൻസ് സഹായവും പലപ്പോഴും വഴിമുട്ടുന്ന സാഹചര്യത്തിലാണ് ശ്രദ്ധേയ ഉത്തരവ്.
അപകടമുണ്ടാക്കിയ വാഹനങ്ങളെ കണ്ടെത്താനാകാത്ത മൂന്ന് വ്യത്യസ്ത ഹർജികളിലാണ് കോടതി ഉത്തരവ്. എറണാകുളം കടവന്ത്രയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട ബൈക്ക് യാത്രക്കാരൻ, നെടുമ്പാശേരിയിൽ ബാങ്ക് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട കാർ, തിരുവനന്തപുരം കല്ലമ്പലത്ത് മേസ്തിരിയുടെ മരണത്തിനിടയാക്കിയ അപകടം എന്നിവയിലെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ ഈ കേസുകൾ അന്വേഷിക്കാനും നിർദേശിച്ചു.
നഷ്ടപരിഹാരം ഉറപ്പാക്കാൻ നിയമഭേദഗതി വേണം
ഇടിച്ചിട്ട വാഹനം നിർത്താതെപോകുന്ന അപകടങ്ങളിൽ ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിയമഭേദഗതി നടത്തണമെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ ‘ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്സിഡന്റ് സ്കീം 2021’ പ്രകാരമുള്ള തുക അപര്യാപ്തമാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മാതൃകയിൽ പ്രത്യേക ഫണ്ട് രൂപീകരിക്കുന്നത് പരിഗണിക്കാം. പിഴത്തുകയിൽനിന്നോ ഇൻഷുറൻസ് പ്രീമിയത്തിൽനിന്നോ ഇതിനായി വിഹിതം കണ്ടെത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. വിധിപ്പകർപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും അയക്കാൻ കോടതി നിർദേശിച്ചു.









0 comments