ad
Deshabhimani

പാട്ടും കഥയുമായി ഷൈജുമാഷ്‌

ഷൈജു ബിരിക്കുളം കുട്ടികൾക്കിടയിൽ
വെബ് ഡെസ്ക്

Published on Sep 05, 2026, 03:00 AM | 1 min read

ഭീമനടി കുട്ടിക്കൂട്ടത്തിനിടയിലേക്ക് ഷൈജുമാഷെത്തിയാൽപിന്നെ ആവേശമാണ്‌. പാട്ടും കഥയും കളിയുമൊക്കെയായി കുട്ടികൾ മതിമറന്ന്‌ അതിൽ ലയിക്കും. സമഗ്ര ശിക്ഷാ കേരളം ചിറ്റാരിക്കാൽ ബിആർസിയിലെ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്ററായ ഷൈജു ബിരിക്കുളം ​അക്കാദമിക രംഗത്ത്‌ വേറിട്ട മാതൃകയാണ്‌. നാടൻപാട്ട്‌ കലാകാരൻ കൂടിയായ ഇദ്ദേഹം നാടൻ പാട്ടും കുട്ടിപ്പാട്ടുമൊക്കെയായി സംസ്ഥാനത്തെങ്ങും നൂറുകണക്കിന് ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്‌. പാഠപുസ്തക രചനാ സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സമിതി, സമഗ്ര ശിക്ഷ കേരളം എന്നിവയുടെ കീഴിൽ നടക്കുന്ന അധ്യാപക പരിശീലനങ്ങളിൽ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗമാണ്. കോവിഡ് കാലത്ത് വിക്റ്റേഴ്സ് ചാനലിൽ ഇംഗ്ലീഷ് ക്ലാസ്‌ കൈകാര്യംചെയ്തു. കുട്ടികൾക്കായി 'The Rainy Day Parade' എന്ന ഇംഗ്ലീഷ് പുസ്തകം രചിച്ചിട്ടുണ്ട്. മികച്ച വോളിബോൾ താരമാണ്‌. സംസ്ഥാന റഫറി, അനൗൺസർ എന്നീ നിലകളിലും അറിയപ്പെടുന്നു. ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിൽ ഉൾപ്പെടുത്തി ബിആർസിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ മുഴുവൻ സർക്കാർ ഹൈസ്കൂളുകളിലും ജിയോ ലാബ് നിർമിക്കാൻ നേതൃത്വം നൽകി. മുഴുവൻ സർക്കാർ ഹൈസ്കൂളുകളിലും ജിയോ ലാബ് നിർമിക്കുന്ന ഏക ഉപജില്ലയാണ്‌ ചിറ്റാരിക്കാൽ. കിടപ്പിലായ ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ ഒപ്പം എന്ന പേരിൽ തനത് പദ്ധതിയായ ‘ലേർണിങ് കോർണർ' ഒരുക്കി. ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരവും 2021ലെ നാട്ടറിവ് പ്രചാരകനുള്ള സംസ്ഥാന ഓടപ്പടം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഉപജില്ലാ, ജില്ല സംസ്ഥാന തലങ്ങളിൽ കലോത്സവങ്ങളിൽ വിധികർത്താവായും ജൂറി ഓഫ് അപ്പീലായും പ്രവർത്തിച്ചിട്ടുണ്ട്. നാട്ടുകലാകാരക്കൂട്ടം ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. കണ്ണൂർ ആകാശവാണി ബി ഗ്രേഡ് ആർട്ടിസ്റ്റായും പ്രവർത്തിക്കുന്നു. ഭാര്യ കെ കെ ചൈതന്യ സ്പെഷ്യൽ എജുക്കേറ്ററാണ്. മക്കൾ: ശ്രീമയി, ശ്രീഹരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home