അമ്മയെ ആരു നോക്കും..? 80 കാരിയായ അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി

സൂര്യവതി, ബുരമ്മ (Photo: India Today)
അമരാവതി: 80 കാരിയായ അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ഡോ. ബിആർ അംബേദ്കർ കോനസീമ ജില്ലയിലാണ് സംഭവം. പ്രായമായ അമ്മയെ നോക്കാൻ ആരുമില്ലെന്ന ആശങ്കയിലാണ് 56 കാരിയായ മകൾ അമ്മയുമായി കനാലിൽ ചാടി ജീവനൊടുക്കിയത്. പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മീസല സൂര്യവതിയും (56) അമ്മ വടപള്ളി ബുരമ്മയും (80) വീട്ടിൽ നിന്നും ഇറങ്ങിയത്. ശേഷം മുഖ്‌തേശ്വരം മെയിൻ കനാലിന് കുറുകെയുള്ള പാലത്തിൽ നിന്ന് ഇരുവരും കനാലിലേയ്ക്ക് ചാടുകയായിരുന്നു.
കനാലിന് സമീപത്ത് നിന്ന് ബൈബിളും മറ്റ് സാധനങ്ങളും പൊലീസ് കണ്ടെടുത്തു. സൂര്യവതിയുടെ മൃതദേഹം കനാലിൽ നിന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ബുരമ്മയ്ക്കായുള്ള തെരച്ചിൽ തുടരുകയാണ്. കാഴ്ചക്കുറവ് ഉൾപ്പെടെയുള്ള വാർദ്ധക്യ സഹജമായ അസുഖങ്ങൾ ബുരമ്മയ്ക്കുണ്ടായിരുന്നു. സൂര്യവതിയും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. വർഷങ്ങൾക്ക് മുൻപ് സൂര്യവതിയുടെ ഭർത്താവ് മരിച്ചു. ശേഷം ഇവർ അമ്മയ്ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്.
അടുത്തിടെ ഇവരുടെ മൂത്ത മകൻ റോഡപകടത്തിലും മരിച്ചു. ഇളയ മകനും മകളും വിവാഹിതരാണെങ്കിലും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ അമ്മയെ ആര് നോക്കുമെന്ന ഭയം സൂര്യവതിയെ നിരന്തരം അലട്ടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അമ്മ തനിച്ചാകുമോ എന്ന ആശങ്ക സൂര്യവതി നിരന്തരം പങ്കുവെച്ചിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.









0 comments