വിദ്യാർത്ഥി സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമം; ആശങ്ക രേഖപ്പെടുത്തി ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥികൾ സമാധാനപരമായി നടത്തിയ പ്രതിഷേധത്തിനിടയിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിലും നടപടിയിലും ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ തങ്ങളുടെ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (AIBOC), നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് (NCBE), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (AIBOA), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ് (INBOC), ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (INBEF) എന്നീ സംഘടനകളാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സാഹചര്യം കൂടുതൽ അവധാനതയോടെയും ചർച്ചയിലൂടെയും കൈകാര്യം ചെയ്യാമായിരുന്നുവെന്ന് സംഘടനകൾ ചൂണ്ടിക്കാണിച്ചു. വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ ഭാവി.
അതിനാൽ വിശ്വാസവും പരസ്പര ബഹുമാനവും ജനാധിപത്യപരമായ പങ്കാളിത്തവും വളർത്തിയെടുക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് സംയുക്ത പ്രത്രക്കുറിപ്പിൽ ഓർമ്മിപ്പിച്ചു.
രാജ്യം മുഴുവൻ ദേശീയ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും മുന്നേറാൻ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ, യുവതലമുറയുടെ ആഗ്രഹങ്ങളും ആശങ്കകളും സഹാനുഭൂതിയോടെയും ഗൗരവത്തോടെയും കേൾക്കപ്പെടേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ,വിദ്യാർഥികളുമായി സർക്കാരും ബന്ധപ്പെട്ട എല്ലാ അധികാരികളും അടിയന്തരമായി അർത്ഥവത്തായ ചർച്ചകൾ ആരംഭിക്കണമെന്ന് സംഘടനകൾ അഭ്യർത്ഥിച്ചു.
അവരുടെ യഥാർത്ഥ പ്രശ്നങ്ങൾ സമാധാനപരവും സൗഹൃദപരവുമായ രീതിയിൽ പരിഹരിക്കുന്നതിനായി സർക്കാർ സൃഷ്ടിപരമായ നടപടികൾ സ്വീകരിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ സംഘടനകൾ ആവശ്യപ്പെട്ടു.










0 comments