സിക്കിം സമർഡുങ് ടണൽ ദുരന്തം മണ്ണിടിച്ചിലല്ല; മീഥെയ്ൻ വാതക സ്ഫോടനമെന്ന് സൂചന

ഗാംടോക്ക്: സിക്കിമിലെ സമർഡുങ് ടണലിലുണ്ടായ അപകടത്തിന് കാരണം മണ്ണിടിച്ചിലല്ലെന്നും, ഖനനത്തിനിടയിലുണ്ടായ മീഥെയ്ൻ വാതക സ്ഫോടനമാണെന്നും റിപ്പോർട്ടുകൾ. സംഭവത്തിൽ പത്തോളം പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇരുപതോളം പേർ ഇനിയും ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പട്ടേൽ എൻജിനീയറിങ് നിർമ്മാണം നടത്തുന്ന ടീസ്ത സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ സമർഡുങ് ടണലിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്.
ടണൽ നിർമ്മാണത്തിനിടയിൽ പാറകൾക്കുള്ളിൽ കുടുങ്ങിക്കടന്നിരുന്ന മീഥെയ്ൻ വാതകം പുറത്തേക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് ടണലിനുള്ളിൽ വലിയ തോതിൽ വിഷവാതകം വ്യാപിക്കുകയും രക്ഷാപ്രവർത്തനം ദുഷ്കരമാവുകയും ചെയ്തു.
ആദ്യം രക്ഷാപ്രവർത്തനത്തിനായി ടണലിനുള്ളിൽ പ്രവേശിച്ച സംഘത്തിന് ഉയർന്ന അളവിലുള്ള മീഥെയ്ൻ വാതക സാന്നിധ്യം കാരണം രക്ഷാപ്രവർത്തനം പൂർത്തിയാക്കാനാവാതെ പിൻവാങ്ങേണ്ടി വന്നു. ജാർഖണ്ഡ്, അസം, പഞ്ചാബ്, ജമ്മു കശ്മീർ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ടണലിൽ കുടുങ്ങിയിട്ടുള്ളത്.
ടണലിൽ മീഥെയ്ൻ വാതക ചോർച്ച ഉണ്ടാകുന്നത് ഇതാദ്യമല്ലെന്നാണ് പുറത്തുവരുന്ന വിവരം. നാല് മാസം മുൻപും സമാനമായ രീതിയിൽ ചെറിയതോതിൽ വാതക ചോർച്ചയുണ്ടായിരുന്നു. അന്ന് ചില തൊഴിലാളികൾക്ക് പൊള്ളലേറ്റിരുന്നുവെങ്കിലും വലിയ അപകടങ്ങൾ ഒഴിവാകുകയായിരുന്നു.
എന്നാൽ തിങ്കളാഴ്ച ഉണ്ടായ സ്ഫോടനം വളരെ തീവ്രമായതായിരുന്നുവെന്നും ടണലിനുള്ളിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളിൽ വ്യാപകമായി പൊള്ളലേറ്റ പാടുകളുണ്ടായിരുന്നതായും അധികൃതർ വ്യക്തമാക്കി. സിക്കിം പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ ടണലിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.









0 comments