കണ്ണൂരിൽ അടഞ്ഞുകിടന്ന വാട്ടർ അതോറിറ്റി കാന്റീനിൽ അഴുകിയ നിലയിൽ മൃതദേഹം

പ്രതീകാത്മക ചിത്രം
കണ്ണൂർ: കണ്ണൂർ താണയിലെ വാട്ടർ അതോറിറ്റി ഓഫീസിന് സമീപത്തെ കാന്റീനിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസമായി അടഞ്ഞുകിടക്കുകയായിരുന്ന കാന്റീനിന്റെ വർക്ക് ഏരിയയിലാണ് മൃതദേഹം അഴുകിയ നിലയിൽ കാണപ്പെട്ടത്. മരിച്ചയാളെ പൂർണമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, ഇടുക്കി കട്ടപ്പന സ്വദേശിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ മൂന്ന് ദിവസമായി ഈ കാന്റീൻ പ്രവർത്തിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ കാന്റീൻ തുറന്ന് ജീവനക്കാർ അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്. മരിച്ച വ്യക്തിയെ മുൻപും കാന്റീൻ പരിസരങ്ങളിൽ സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്ന് ഇവിടെയുള്ളവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വിവരമറിഞ്ഞ് കണ്ണൂർ ടൗൺ പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണത്തിൽ ദുരൂഹതയുണ്ടോ അതോ സ്വാഭാവിക മരണമാണോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.










0 comments