വ്യാജ രേഖകൾ ചമച്ച് ഭൂമി തട്ടിയെടുക്കാൻ ശ്രമം; ആന്ധ്രാപ്രദേശ് മുൻ സ്പീക്കർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ

വ്യാജ അവകാശ രേഖകൾ ഉപയോഗിച്ച് കോടികൾ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചു ആന്ധ്രാപ്രദേശിൽ എട്ട് പേർ അറസ്റ്റിൽ| Photo Credit:India Today
ശ്രീകാകുളം: സർക്കാർ രേഖകളും വ്യാജ മരണ സർട്ടിഫിക്കറ്റുകളും ചമച്ച് മൂന്ന് മുതൽ നാല് കോടി രൂപ വരെ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ആന്ധ്രാപ്രദേശ് മുൻ സ്പീക്കർ തമ്മിനേനി സീതാറാം ഉൾപ്പെടെ എട്ട് പേരെ ശ്രീകാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീകാകുളം എസ്പി കെവി മഹേശ്വർ റെഡ്ഡി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ ആകെ 13 പ്രതികളാണുള്ളത്. ഇതിൽ എട്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഒളിവിലുള്ള മറ്റ് അഞ്ച് പേർക്കായുള്ള തെരച്ചിൽ പ്രത്യേക പോലീസ് സംഘം ഊർജിതമാക്കിയിട്ടുണ്ട്.
ബലഗയിലെ ചാപുരം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സത്യസായ് നഗറിലെ 900 ചതുരശ്ര അടി വരുന്ന ഒഴിഞ്ഞ കിടപ്പുള്ള പ്ലോട്ടുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 1988-ലും 1992-ലും ഈ ഭൂമി പരാതിക്കാരന്റെ പിതാവ് നിയമപരമായി വാങ്ങിയതാണ്.
പിന്നീട് തൊഴിൽ സംബന്ധമായി ഇവർ ഹൈദരാബാദിലേക്ക് താമസം മാറിയതിനെ തുടർന്ന് ഈ പ്ലോട്ട് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇത് മുതലെടുത്താണ് പ്രതികൾ ഒറിജിനൽ ലിങ്ക് രേഖകൾ സംഘടിപ്പിച്ച് വ്യാജ രേഖകൾ നിർമ്മിച്ച് ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
യഥാർത്ഥ ഉടമയായ അന്തവരുപു ഗോവിന്ദരാജ്‌ലു ജീവനോടെയുണ്ടെങ്കിലും, അദ്ദേഹം മരിച്ചതായി കാണിച്ച് പ്രതികൾ വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ ഫാമിലി മെമ്പർ സർട്ടിഫിക്കറ്റും സംഘടിപ്പിച്ചു.
തുടർന്ന് പ്രതികളിൽ ഒരാളായ അദബാല എന്ന അന്തവരുപു രജനിയെ യഥാർത്ഥ ഉടമയുടെ ഏക അവകാശിയായി ചിത്രീകരിച്ച് ഭൂമി രജിസ്ട്രേഷൻ നടത്തുകയായിരുന്നു.
പ്ലോട്ടിന് ചുറ്റും മതിൽ കെട്ടാൻ ശ്രമിച്ചപ്പോഴാണ് യഥാർത്ഥ ഉടമയുടെ കുടുംബാംഗങ്ങൾ ഇത് ചോദ്യം ചെയ്തതും ഭീഷണിപ്പെടുത്തലുകൾക്ക് ഇരയായതോടെ പോലീസിനെ സമീപിച്ചതും.










0 comments