ad
Deshabhimani

വി എസിന്‌ സ്‌മരണാഞ്ജലി; വലിയചുടുകാട്ടിലെ സ്‌മാരകം നാടിന് സമർപ്പിച്ചു

VS 1.jpg

വി എസ് അച്യുതാനന്ദൻ സ്മാരകത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ പഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: കെ എഎസ് ആനന്ദ്

വെബ് ഡെസ്ക്

Published on Jul 21, 2026, 09:11 AM | 1 min read

ആലപ്പുഴ: സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദനെ നാട്‌ അനുസ്‌മരിച്ചു. വി എസ്‌ എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസ്സിൽ വിപ്ലവസൂര്യനായി ജ്വലിച്ച ജനനേതാവിനെ സ്‌മരിക്കാൻ സംസ്ഥാനത്തെങ്ങും വിവിധ പരിപാടികളാണ്‌ സംഘടിപ്പിച്ചത്.


വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികദിനത്തിൽ അനശ്വരരായ പുന്നപ്ര– വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ നിർമിച്ച വി എസ്‌ സ്‌മാരകം നാടിന് സമർപ്പിച്ചു. രാവിലെ ഒമ്പതിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്‌മാരകം ഉദ്‌ഘാടനം ചെയ്തത്. തുടർന്ന്‌ പതാക ഉയർത്തലും പുഷ്‌പാർച്ചനയും നടത്തി.


പുന്നപ്ര– വയലാറിന്റെ സമരനായകനായ വി എസിന്റെ മൃതദേഹം വലിയ ചുടുകാട്ടിലാണ്‌ സംസ്‌കരിച്ചത്‌. അവിടെത്തന്നെയാണ്‌ സിപിഐ എം സ്‌മാരകം നിർമിച്ചത്‌. പ്രശസ്‌ത വാസ്‌തുശിൽപ്പി ജി ശങ്കറിന്റേതാണ്‌ രൂപരേഖ.


സിപിഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ്‌ ഐസക്‌, കെ എൻ ബാല​ഗോപാൽ, സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, വി എസിന്റെ കുടുംബാ​ഗങ്ങൾ തുടങ്ങി ആയിരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.


വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന അനുസ്‌മരണ പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ആലപ്പുഴ, മാരാരിക്കുളം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രകടനം തിരുവന്പാടി ജങ്‌ഷനിൽനിന്ന്‌ ആരംഭിക്കും. അന്പലപ്പുഴ, തകഴി, കുട്ടനാട്‌ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രകടനം കളർകോട്‌ ജങ്‌ഷനിൽനിന്നാണ്‌ ആരംഭിക്കുക.


വൈകിട്ട്‌ ഏരിയാകേന്ദ്രങ്ങളിൽ റാലിയും സമ്മേളനവും. അരൂരിൽ പി രാജീവ്‌, ചേർത്തലയിൽ മുനിസിപ്പൽ മൈതാനത്ത്‌ സി എൻ മോഹനൻ, കഞ്ഞിക്കുഴിയിലെ പുത്തനന്പലത്തിൽ എം സ്വരാജ്‌, ഹരിപ്പാട്‌ ഭവാനിമന്ദിരത്തിൽ എം വി ജയരാജൻ, കാർത്തികപ്പള്ളിയിലെ മുട്ടം ശ്രീരാമകൃഷ്ണാശ്രമ ഹാളിൽ വി എൻ വാസവൻ, കായംകുളം എൽമെക്‌സ്‌ ഗ്ര‍ൗണ്ടിൽ പുത്തലത്ത്‌ ദിനേശൻ, മാവേലിക്കര മാങ്കാംകുഴി ജങ്‌ഷനിൽ പി കെ ബിജു, ചാരുംമൂട്‌ കെ കെ ശൈലജ, ചെങ്ങന്നൂർ മാർക്കറ്റ്‌ ജങ്‌ഷനിൽ കെ എൻ ബാലഗോപാൽ, മാന്നാർ എണ്ണയ്ക്കാട് ജങ്ഷനിൽ കെ എസ്‌ സലീഖ എന്നിവർ പങ്കെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home