ad
Deshabhimani

പ്രതിസന്ധികളെ അതിജീവിച്ച് പിവി സിന്ധു; ജപ്പാൻ ഓപ്പൺ കിരീടനേട്ടത്തിന് പിന്നിൽ വിരാട് കോഹ്‌ലിയുടെ ഉപദേശം

pv sindhu virat kohli

Photo Credit:RCB

വെബ് ഡെസ്ക്

Published on Jul 21, 2026, 09:23 AM | 1 min read

ന്യൂഡൽഹി: ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യൻപട്ടമണിഞ്ഞ് പിവി സിന്ധു ചരിത്രനേട്ടം കുറിച്ചപ്പോൾ, ആ തിരിച്ചുവരവിന് അടിത്തറയായത് ബെംഗളൂരുവിൽ വിരാട് കോഹ്‌ലിയുമായി നടത്തിയ ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയായിരുന്നു.


പരിക്കുകളും മോശം ഫോമും കാരണം കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോഴാണ് സിന്ധു മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്റെ സഹായം തേടിയത്.


പാരീസ് ഒളിമ്പിക്സിലെ നിരാശാജനകമായ പുറത്താകലും തുടർച്ചയായ പരിക്കുകളും സിന്ധുവിന്റെ കായിക ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. വിമർശകർ തള്ളിക്കളഞ്ഞ ആ ഘട്ടത്തിൽ, കായിക ലോകത്തെ സമ്മർദ്ദങ്ങളെക്കുറിച്ച് കൃത്യമായി അറിയാവുന്ന വിരാട് കോലിയെ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു എന്ന് സിന്ധു വ്യക്തമാക്കി.


താൻ നേരിട്ട പ്രയാസങ്ങൾ പങ്കുവെച്ചപ്പോൾ മിനിറ്റുകൾക്കകം മറുപടി നൽകിയ കോഹ്‌ലി, പിറ്റേദിവസം തന്നെ കാണാൻ സമയം അനുവദിച്ചു. ഭർത്താവ് വെങ്കട ദത്ത സായിക്കൊപ്പമാണ് സിന്ധു കോലിയെ കാണാൻ എത്തിയത്. ആ കൂടിക്കാഴ്ച തന്നെ ഏറെ സ്വാധീനിച്ചെന്നും ട്രോഫികൾക്ക് പിന്നാലെ പായുന്നത് നിർത്തി കളി ആസ്വദിക്കാൻ പഠിക്കണമെന്നായിരുന്നു കോലിയുടെ ഉപദേശമെന്നും സിന്ധു കൂട്ടിച്ചേർത്തു.


പരിശീലന രീതികളിലും ചിന്താഗതിയിലും വലിയ മാറ്റങ്ങൾ വരുത്തിയാണ് സിന്ധു കോർട്ടിൽ തിരിച്ചെത്തിയത്. ഭർത്താവ് വെങ്കട ദത്ത സായിയുടെയും ഫിറ്റ്‌നസ് ട്രെയിനർ വെയ്ൻ ലോംബാർഡ്, ഇന്തോനേഷ്യൻ കോച്ച് ഇർവാൻഷ എന്നിവരുടെയും പിന്തുണയോടെ സിന്ധു 3.5 കിലോഗ്രാം ഭാരം കുറച്ചു.


പ്രകടനത്തിൽ കൂടുതൽ വേഗതയും ഡാറ്റയുടെ സഹായത്തോടെയുള്ള കൃത്യമായ വിശകലനങ്ങളും ഉൾപ്പെടുത്തി ഗെയിം ശൈലി പൂർണ്ണമായും മാറ്റിയെടുത്തു.

ജപ്പാൻ ഓപ്പൺ ഫൈനലിൽ ജാപ്പനീസ് താരം അക്കാനെ യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. ഈ കിരീടനേട്ടത്തോടെ ജപ്പാൻ ഓപ്പൺ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോർഡും 31-ാം വയസ്സിൽ സൂപ്പർ 750 കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന നേട്ടവും താരം സ്വന്തമാക്കി. അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പും വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസുമാണ് സിന്ധുവിന്റെ അടുത്ത ലക്ഷ്യങ്ങൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home