നടപടി നേരിട്ടവർ നിർണായക സ്ഥാനങ്ങളിൽ
എക്‌സൈസിലെ വിവാദ സ്ഥലംമാറ്റം റദ്ദാക്കി


സ്വന്തം ലേഖകൻ
Published on Sep 05, 2026, 02:00 AM | 1 min read
പാലക്കാട്
അഴിമതിക്കും കൈക്കൂലിക്കും മദ്യമാഫിയകളിൽനിന്ന് പണം വാങ്ങിയതിനും നടപടി നേരിട്ടവരെ സർക്കിൾ ഓഫീസുകളിലെ നിർണായക സ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റി നിയമിച്ച എക്‌സൈസ് ഡെപ്യൂട്ടി കമീഷണറുടെ നടപടി എക്‌സൈസ് കമീഷണർ റദ്ദാക്കി. പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി മരവിപ്പത്. കഴിഞ്ഞ ദിവസം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഉൾപ്പെടെ 309 പേരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റി ഡെപ്യൂട്ടി കമീഷണർ ഉത്തരവിട്ടത്. കോൺഗ്രസ് നേതാക്കളും സ്‌പിരിറ്റ് മാഫിയയും നൽകിയ പട്ടികപ്രകാരം മാനദണ്ഡം അട്ടിമറിച്ചായിരുന്നു സ്ഥലംമാറ്റമെന്ന് ജീവനക്കാര്‍ പരാതി നൽകിയിരുന്നു. മേയിൽ 59 പേരെ സ്ഥലംമാറ്റിയശേഷം സെപ്‌തംബർ രണ്ടിന് 309 പേരെയും മാറ്റി. മൂന്ന് മാസംമുന്പ് മാറ്റിയവരെ ഇൗ പട്ടികയിലും ഉൾപ്പെടുത്തി വീണ്ടും മാറ്റി. വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരെയും ഇത്തരത്തിൽ സ്ഥലംമാറ്റി പീഡിപ്പിച്ചു. ചെറിയ കുട്ടികളുള്ളവരെയും വീട്ടിൽ പ്രായമായവർ മാത്രമുള്ളവരെയും ദൂരേക്ക് മാറ്റിയതിൽ എതിർപ്പ് ഉയർന്നിരുന്നു. ഓൺലൈനിൽ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചതുപോലും കണക്കിലെടുക്കാതെയാണ് പ്രതികാര സ്ഥലംമാറ്റം. പൊതു സ്ഥലംമാറ്റം നടപ്പാക്കിയതിൽ എക്‌സൈസ് കമീഷണറുടെ ഉത്തരവ് പാലിക്കാത്തതിൽ വെള്ളിയാഴ്‌ച വിശദീകരണം നൽകാൻ എക്‌സൈസ് ഡെപ്യൂട്ടി കമീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിറ്റൂരിലെ മദ്യമാഫിയക്കുവേണ്ടി ഒരു വിഭാഗവും മണ്ണാർക്കാട്ടെ മാഫിയകൾക്കുവേണ്ടി മറ്റൊരു വിഭാഗവും വേണ്ടപ്പെട്ടവരുടെ പട്ടിക നൽകിയിരുന്നു. എന്നാലിതിൽ തർക്കം രൂക്ഷമായതോടെയാണ് ഡെപ്യൂട്ടി കമീഷണർ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ് കമീഷണർ വെട്ടിയത്. കോൺഗ്രസിലെ എ, ഐ, വേണുഗോപാൽ, സതീശൻ ഗ്രൂപ്പുകൾ അവർക്ക് താൽപ്പര്യമുള്ളവരുടെ പട്ടിക ഡെപ്യൂട്ടി കമീഷണർക്ക് നൽകിയിരുന്നു. അത് അംഗീകരിക്കാൻ സമ്മർദവുമുണ്ടായി. തർക്കം തീരുന്നതുവരെ സ്ഥലംമാറ്റം മരവിപ്പിക്കാമെന്ന് മന്ത്രിയുടെ ഓഫീസ് നിർദേശിച്ചതനുസരിച്ചാണ് കമീഷണർ ഉത്തരവിട്ടതെന്നാണ് സൂചന.










0 comments