print edition ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടിൽ: തുടർനടപടിയില്ല; നട്ടംതിരിഞ്ഞ് ഗുണഭോക്താക്കൾ


സ്വന്തം ലേഖകൻ
Published on Sep 05, 2026, 02:37 AM | 1 min read
കണ്ണൂർ: ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ സർക്കാർ തീരുമാനമെടുത്തിട്ട് മാസം ഒന്നുകഴിഞ്ഞിട്ടും തുടർനടപടിയില്ല. എന്തുചെയ്യണം, ആരെ സമീപിക്കണം എന്നറിയാതെ നട്ടംതിരിയുകയാണ് ഗുണഭോക്താക്കൾ. മുൻ എൽഡിഎഫ് സർക്കാർ പെൻഷൻ വീടുകളിൽ നേരിട്ടെത്തിച്ചിരുന്നു. ഇത് അട്ടിമറിച്ചാണ് യുഡിഎഫ് സർക്കാർ ബാങ്ക് അക്കൗണ്ടുവഴിയാക്കുമെന്ന് ജൂലൈ 27ന് പ്രഖ്യാപിച്ചത്.
ഓണം അടുത്തതോടെ, ഇതിനുള്ള ക്രമീകരണത്തമാകാത്തതിൽ പെൻഷൻ വാങ്ങുന്നവരും വിതരണം ചെയ്യുന്ന ജീവനക്കാരും ആശങ്ക ഉയർത്തി. വിശദമായ മാർഗനിർദേശം തയ്യാറാക്കുമെന്നാണ് സർക്കാർ അറിയിച്ചത്. താൽക്കാലിക പരിഹാരമായി ജൂലൈയിലെ പെൻഷൻ വീട്ടിലെത്തിച്ചുനൽകുകയും ചെയ്‌തു. തുടർന്നുള്ള പെൻഷൻ വിതരണം സംബന്ധിച്ച് നിർദേശമൊന്നും നൽകിയിട്ടില്ല.
തദ്ദേശ സ്ഥാപനങ്ങളിലെത്തി വ്യക്തമായ മറുപടി കിട്ടാതെ മടങ്ങുകയാണ് ഗുണഭോക്താക്കൾ. എന്ത് മറുപടി നൽകണമെന്നറിയാതെ കുഴങ്ങുകയാണ് തദ്ദേശസ്ഥാപന മേധാവികളും ഉദ്യോഗസ്ഥരും. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരും ഗുണഭോക്താക്കളിലുണ്ട്. അക്കൗണ്ട് ഇല്ലെങ്കിൽ പെൻഷൻ റദ്ദാകുമെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്.
ഇതിന്റെ ആശങ്കയുമുള്ളതുകൊണ്ടാണ് പലരും തദ്ദേശ സ്ഥാപനങ്ങളിലെത്തി അന്വേഷിക്കുന്നത്. ചില തദ്ദേശ സ്ഥാപന അധികൃതർ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് വാങ്ങിവയ്‌ക്കുന്നുമുണ്ട്. ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ വിതരണത്തിന് ധനവകുപ്പ് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്നുള്ള അന്തിമ ഉത്തരവും ഔദ്യോഗിക വിജ്ഞാപനവും ഇതുവരെ പുറത്തിറക്കിയിട്ടില്ല.
പുതിയ ബാങ്ക് അക്കൗണ്ട് വേണോ, നിലവിലുള്ളത് മതിയോ എന്നതിലും പെൻഷൻ സൈറ്റിൽ വിവരങ്ങൾ പുതുക്കുന്നതിലും വ്യക്തതയില്ല. 23.14 ലക്ഷംപേരാണ് പെൻഷൻ വീട്ടിൽ വാങ്ങിയിരുന്നത്. അടുത്ത പെൻഷൻ വിതരണത്തിനുള്ള തീയതി കഴിഞ്ഞിട്ടും പുതുക്കിയ ഉത്തരവ് വന്നിട്ടില്ല. എൽഡിഎഫ് സർക്കാർ കൃത്യമായി വിതരണംചെയ്‌ത ക്ഷേമ പെൻഷൻ മുമ്പ് യുഡിഎഫ് സർക്കാർ കുടിശ്ശികയാക്കിയ സ്ഥിതി ആവർത്തിക്കുമോയെന്നാണ് ഗുണഭോക്താക്കളുടെ ആശങ്ക.










0 comments