ad
Deshabhimani

print edition ദേശീയപാതയോരത്തെ ഭൂമി ഉപയോഗ വിലക്ക്‌; സർക്കാർ പദ്ധതികൾക്കും കുരുക്കാകും

national highway
avatar
പ്രത്യേക ലേഖകൻ

Published on Sep 05, 2026, 02:36 AM | 1 min read

തിരുവനന്തപുരം : ദേശീയപാതയോരത്തെ ഭൂമി ഉപയോഗ വിലക്ക് മറികടക്കാൻ കേരളം ശക്തമായ നിലപാടെടുത്തില്ലെങ്കിൽ സർക്കാർ പദ്ധതികളും പ്രതിസന്ധിയിലാകും. വാണിജ്യതാൽപ്പര്യത്തോടെയുള്ള വിവിധ സർക്കാർ പദ്ധതികളും നിലയ്‌ക്കും. പുതുതായി നിർമാണങ്ങള്‍ സാധ്യമാകില്ല. ദേശീയപാതയ്‌ക്കരികിലെ കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡുകൾ, അതിഥി മന്ദിരങ്ങൾ, ട്രോമ കെയർ സെന്ററുകൾ തുടങ്ങിയവയുടെ ഭാവി അനിശ്ചിതത്വത്തിലാകും.


സര്‍ക്കാരിന്റെ അനാസ്ഥ മൂലം വൻതോതിൽ വീടുകളും കച്ചവട സ്ഥാപനങ്ങളും മാറ്റേണ്ടിവരും. അവസരംകിട്ടിയിട്ടും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാത്തത് വ്യാപക ആശങ്കയ്‌ക്ക്‌ ഇടയാക്കുന്നു. നിലവില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരെവച്ച്‌ മുന്നോട്ടുപോയാൽ കേസ്‌ പൊളിയുമെന്ന്‌ മുന്നറിയിപ്പുനൽകിയിട്ടും ബദൽ സംവിധാനത്തിന്‌ നടപടിയായില്ല.


​ വ്യാഴാഴ്‌ച സുപ്രീംകോടതിയിൽ കേസ്‌ വന്നപ്പോൾ സര്‍ക്കാർ കൃത്യമായ നിലപാട്‌ പറയാത്തതെന്തെന്ന്‌ കോടതിയും ആരാഞ്ഞിരുന്നു. സുരക്ഷാ നടപടിയെടുക്കുമെന്നാണ്‌ അമിക്കസ്‌ ക്യൂറി അറിയിച്ചത്‌. കേരളത്തിന്റെ ജനസാന്ദ്രത, ഭൂമിയുടെ ലഭ്യതക്കുറവ്‌, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ദേശീയ പാതയോരത്തെ വർധിച്ച വ്യാപാരം തുടങ്ങി വിവിധ വശങ്ങൾ അവതരിപ്പിച്ച്‌ വാദിച്ചാലേ കേസിൽ നേട്ടമുണ്ടാകൂ.


ഒക്‌ടോബർ ആറിന്‌ കേസ്‌ വീണ്ടും പരിഗണിക്കും. സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കുന്നതിന്‌ മുന്നോടിയായ സർവേയ്‌ക്ക്‌ തദ്ദേശവകുപ്പ്‌ തിടുക്കപ്പെട്ട്‌ ഉത്തരവിറക്കിയതും ആശയക്കുഴപ്പമുണ്ടാക്കി. ഉത്തരവ്‌ ബാധിക്കുന്ന വ്യാപാരികളിൽനിന്നടക്കം പണം പിരിക്കാനുള്ള ഗൂഢാലോചനയാണിതെന്നും സംശയമുയരുന്നു. ദേശീയപാതയുടെ മധ്യത്തിൽനിന്ന്‌ വീടുനിർമാണത്തിന്‌ 40 മീറ്ററും വാണിജ്യനിർമാണങ്ങൾക്ക്‌ 75 മീറ്ററുമാണ്‌ വിലക്ക്‌. വികസന സാധ്യതയും വിട്ടുകൊടുക്കുന്ന ഭൂമിയുടെ ബാക്കിഭാഗത്തിന്‌ കിട്ടുന്ന വർധിത വിലയുമടക്കമുള്ള ആകർഷണം കാരണമാണ്‌ ദേശീയപാതകൾക്ക്‌ ജനങ്ങൾ സ്ഥലം നൽകുന്നത്‌. നിർമാണവിലക്ക്‌ ഭൂമി വിട്ടുനൽകുന്നതിൽനിന്ന്‌ ജനങ്ങളെ പിന്തിരിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home