ad
Deshabhimani

വി എസ്, ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളം നൽകിയ സംഭാവന: എം വി ​ഗോവിന്ദൻ

MV GOVINDAN VS.jpg
വെബ് ഡെസ്ക്

Published on Jul 21, 2026, 10:15 AM | 2 min read

ആലപ്പുഴ: ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളവും ആലപ്പുഴയും നൽകിയ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്ന് സഖാവ് വി എസ് അച്യുതാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പി കൃഷ്ണപിള്ള ഈ രാജ്യം കണ്ട ഏറ്റവും വലിയ ബുദ്ധിജീവിയായിരുന്നു. അതേ തലത്തിൽ ​കേരളം കണ്ട ബുദ്ധിജീവിയാണ് വി എസ് എന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ആലപ്പുഴ വലിയചുടുകാട്ടിലെ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വി എസ് തന്റെ നൂറ്റാണ്ട് പിന്നിട്ട ജീവിതം ജനങ്ങൾക്കും കമ്യൂണിസ്റ്റ് പാർടിക്കും സമർപ്പിച്ച്, രാജ്യം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിൽ ഒരാളായി മാറി. മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും ജനങ്ങളുടെ ജീവിത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആളായി കേരളത്തിന്റെ പ്രിയപ്പെട്ട നേതാവായി വി എസ് മാറിയെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


പുന്നപ്ര– വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ നിർമിച്ച വി എസ്‌ സ്‌മാരകം എം വി ​ഗോവിന്ദൻ നാടിന് സമർപ്പിച്ചു. പുന്നപ്ര– വയലാറിന്റെ സമരനായകനായ വി എസിന്റെ മൃതദേഹം വലിയ ചുടുകാട്ടിലാണ്‌ സംസ്‌കരിച്ചത്‌. അവിടെത്തന്നെയാണ്‌ സിപിഐ എം സ്‌മാരകം നിർമിച്ചത്‌. പ്രശസ്‌ത വാസ്‌തുശിൽപ്പി ജി ശങ്കറിന്റേതാണ്‌ രൂപരേഖ.


അനുസ്‌മരണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആർ നാസർ സ്വാ​ഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സജി ചെറിയാൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ്‌ ഐസക്‌, കെ എൻ ബാല​ഗോപാൽ, സി എസ്‌ സുജാത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന അനുസ്‌മരണ പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ആലപ്പുഴ, മാരാരിക്കുളം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രകടനം തിരുവന്പാടി ജങ്‌ഷനിൽനിന്ന്‌ ആരംഭിക്കും. അന്പലപ്പുഴ, തകഴി, കുട്ടനാട്‌ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രകടനം കളർകോട്‌ ജങ്‌ഷനിൽനിന്നാണ്‌ ആരംഭിക്കുക.


വൈകിട്ട്‌ ഏരിയാകേന്ദ്രങ്ങളിൽ റാലിയും സമ്മേളനവും. അരൂരിൽ പി രാജീവ്‌, ചേർത്തലയിൽ മുനിസിപ്പൽ മൈതാനത്ത്‌ സി എൻ മോഹനൻ, കഞ്ഞിക്കുഴിയിലെ പുത്തനന്പലത്തിൽ എം സ്വരാജ്‌, ഹരിപ്പാട്‌ ഭവാനിമന്ദിരത്തിൽ എം വി ജയരാജൻ, കാർത്തികപ്പള്ളിയിലെ മുട്ടം ശ്രീരാമകൃഷ്ണാശ്രമ ഹാളിൽ വി എൻ വാസവൻ, കായംകുളം എൽമെക്‌സ്‌ ഗ്ര‍ൗണ്ടിൽ പുത്തലത്ത്‌ ദിനേശൻ, മാവേലിക്കര മാങ്കാംകുഴി ജങ്‌ഷനിൽ പി കെ ബിജു, ചാരുംമൂട്‌ കെ കെ ശൈലജ, ചെങ്ങന്നൂർ മാർക്കറ്റ്‌ ജങ്‌ഷനിൽ കെ എൻ ബാലഗോപാൽ, മാന്നാർ എണ്ണയ്ക്കാട് ജങ്ഷനിൽ കെ എസ്‌ സലീഖ എന്നിവർ പങ്കെടുക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home