കോംഗോയിൽ എബോള ഭീതി രൂക്ഷം; മരണസംഖ്യ 930 കടന്നു; സ്ഥിതി അതീവ ഗുരുതരം

പ്രതീകാത്മക ചിത്രം
ബുനിയ: കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 930 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള 24 മണിക്കൂറിനുള്ളിൽ മാത്രം 37 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ കോംഗോയിലെ ആരോഗ്യമേഖല വലിയൊരു പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇതുവരെ 2,344 പേർക്ക് രോഗം സ്ഥിരീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മേയ് 15-ന് കിഴക്കൻ കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട ഈ എബോള ബാധ, രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും വേഗത്തിൽ പടരുന്ന വൈറസ് വ്യാപനമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിന് കാരണമാകുന്ന 'ബുണ്ടിബുഗ്യോ' വൈറസിനെതിരെ അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സാ രീതികളോ ലഭ്യമല്ലെന്നത് വെല്ലുവിളി വർധിപ്പിക്കുന്നു. വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന വൈറസ്, പിന്നീട് രോഗബാധിതരുടെ ശാരീരിക സ്രവങ്ങളിലൂടെയും മറ്റും അതിവേഗം പടരുന്നു.
പ്രദേശത്തെ വിമത സംഘങ്ങളുടെ ആക്രമണവും സുരക്ഷാ ഭീഷണിയും പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. രോഗബാധയെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും കിംവദന്തികളും കാരണം ആരോഗ്യ പ്രവർത്തകർക്ക് നേരെയും ആശുപത്രികൾക്ക് നേരെയും ഇതിനകം നിരവധി ആക്രമണങ്ങൾ ഉണ്ടായി.
കൂലി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി പേർ ജോലി ഉപേക്ഷിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. രോഗം ബാധിച്ച് 36 ആരോഗ്യപ്രവർത്തകർ ഇതിനകം മരണമടഞ്ഞു.
രോഗവ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയും കടുത്ത ആശങ്കയാണ് പങ്കുവെച്ചിരിക്കുന്നത്. പുതിയ കേസുകളിൽ 80 ശതമാനവും എവിടെനിന്നാണ് പടരുന്നതെന്ന് കണ്ടെത്താൻ പോലും ആരോഗ്യ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല.
നിലവിൽ 724 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലും നിരീക്ഷണത്തിലുമാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും, രോഗം നിയന്ത്രിക്കാനാവാത്ത വിധം പടരുന്നതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.









0 comments