സോനം വാങ്‌ചുക്കിനെ മോചിപ്പിക്കുക; കേന്ദ്രമന്ത്രി ജെപി നദ്ദയെ കണ്ട് നിവേദനം സമർപ്പിച്ച് സിജെപി നേതാക്കൾ

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്ന 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) നേതാക്കൾ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കണ്ട് നിവേദനം സമർപ്പിച്ചു. മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സിജെപി പ്രതിനിധികൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ആശുപത്രിയിൽ നിന്ന് ഉടൻ മോചിപ്പിക്കുക. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്ഥാനമൊഴിയുക.
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക. ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയാണ് തകർത്തതെന്നും, സംഭവത്തിൽ സർക്കാർ അടിയന്തരമായി ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സർക്കാർ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ച സൗഹാർദപരമായ അന്തരീക്ഷത്തിലായിരുന്നുവെന്ന് ജെപി നദ്ദ പിന്നീട് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. എങ്കിലും, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിജെപി.
രാജ്യത്തെ പല സംഘടനകളും സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. എസ്എഫ്ഐ നേതാക്കളായ ഐഷി ഘോഷും ആദർശ് സജിയും നിരാഹാരസമരത്തിലാണ്.









0 comments